ഇടുക്കിയിൽ വൻ കഞ്ചാവ് വ്യാജ മദ്യവേട്ട ;രാജാക്കാട് ഉണ്ടമലയിൽ നിന്നും 12 കിലോയിലധികം കഞ്ചാവും,25 ലിറ്റർ വ്യാജ മദ്യവും പിടികൂടി

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് വ്യാപകമായി പരിശോധന നടത്തി വരുന്നതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജാക്കാട് ഉണ്ടമലയിലുള്ള വീട്ടിൽ പരിശോധന നടത്തിയത്. പ്രതി വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് വില്ലേജ് ഓഫീസറെയും പഞ്ചായത്ത് മെമ്പറെയും വിളിച്ചുവരുത്തി എക്സൈസ് സംഘം വീട് തുറന്ന അകത്തു കയറുകയായിരുന്നു. പരിശോധനയിൽ 12 കിലോ 380 ഗ്രാം കഞ്ചാവും, 25 ലിറ്റർ വാറ്റ് ചാരായവും,വ്യാജ മദ്യ നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന 150 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി.
പ്രതി കൊല്ലപ്പള്ളിയിൽ സാബു തങ്കച്ചനായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതി തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടോ എന്നതിനെ സംബന്ധിച്ചും എക്സൈസ് അന്വേഷിച്ചു വരികയാണ്. ഇയാളെ മുമ്പ് പേരൂർക്കട പോലീസ് പത്തര കിലോ കഞ്ചാവ് ഓയിലുമായി പിടികൂടിയിരുന്നു.
തമിഴ്നാട് വഴി ഇടുക്കി ജില്ലയിലേക്ക് കഞ്ചാവ് എത്തിച്ചതിനു ശേഷം മറ്റു ജില്ലകളിലേക്കും എത്തിച്ചു വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതി. കഞ്ചാവ് കടത്താൻ ഉപയോഗിച്ചിരുന്ന വാഹനങ്ങളിൽ ഉപയോഗിക്കുന്ന വ്യാജ നമ്പർ പ്ലേറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി വിജയകുമാറിൻ്റെ നേതൃത്വത്തിലായിരുന്ന പരിശോധന.