തമിഴ്നാടിന് വെള്ളം നൽകാം, നമ്മൾക്ക് ജീവൻ മതി, ഇനി ജനകീയ പ്രക്ഷോഭം അല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ല - പി സി ജോർജ്

സീറോ മലബാർ യൂത്ത് മൂവ്മെന്റ് കട്ടപ്പന ഫൊറോന യുടെ ആഭിമുഖ്യത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ 12 മണിക്കൂർ ഉപവാസ സമരം സംഘടിപ്പിച്ചു.മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് ജനങ്ങൾക്കു സുരക്ഷാ ഉറപ്പു വരുത്തുക, ഡാം ഡീക്കമ്മിഷൻ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടന്നത്. രാവിലെ നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി സമരം ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സമരത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ പിന്തുണ അറിയിച്ചുകൊണ്ട് സന്ദർശിച്ച് സംസാരിച്ചു.
വൈകുന്നേരം നടന്ന സമാപന സമ്മേളനം പിസി ജോർജ് ഉത്ഘാടനം ചെയ്തു.മുല്ലപെരിയാർ പണിയുന്നതിനുള്ള നടപടി വേണം,വെറുതെ ഡാം സുരക്ഷിതമാണെന്ന് പറയാൻ മാത്രമാണ് പിണറായിക്ക് കഴിയുന്നത്.തമിഴ്നാടിന് വെള്ളം നൽകാം, നമ്മൾക്ക് ജീവൻ മതി എന്ന അവസ്ഥയാണ് ഇപ്പോൾ.മലയാളികൾക്ക് സമാധാനത്തോടെ കിടന്നുറങ്ങാനുള്ള അവസരം പിണറായി നൽകണം. അതിനായി ഇനി ജനകീയ പ്രക്ഷോഭം മാത്രമാണ് നമ്മുടെ മുമ്പിലുള്ളത്. തമിഴ്നാട് സർക്കാർ മുല്ലപ്പെരിയാറിനു വേണ്ടി ഓരോ തവണയും മാറ്റിവയ്ക്കുന്ന 100 കോടി രൂപ എവിടെ പോകുന്നു എന്ന് കണ്ടെത്തണം, കൂടാതെ തമിഴ് നാട്ടിൽ തോട്ടം ഉള്ള ചിലർ ഉണ്ട്, അവരാണ് യഥാർഥ മുല്ലപ്പെരിയാർ ഗുണഭോക്താക്കൾ എന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പി സി ജോർജ് പറഞ്ഞു.
കട്ടപ്പന ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നും നിരവധി യുവജനങ്ങൾ പങ്കെടുത്തു.ഇടുക്കി രൂപത വികാരി ജനറാൾ ഫാ. ജോസ് പ്ലാച്ചിക്കൽ, മുല്ലപ്പെരിയാർ സമരസമിതി ചെയർമാൻ ഷാജി പി ജോസഫ്, എ കെ സി സി ഇടുക്കി രൂപതാ പ്രസിഡന്റ് ജോർജ് കോയിക്കൽ,എസ് എം വൈ എം -കട്ടപ്പന ഫോറോനാ ഡയറക്ടർ ഫാ. നോബി വെള്ളാപള്ളിയിൽ, എസ് എം വൈ എം കട്ടപ്പന ഫോറോനാ പ്രസിഡന്റ് അലൻ എസ് പുലികുന്നേൽ, തുടങ്ങി വിവിധ മത സാമുദായിക രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുത്തു.