വയനാടിന് സഹായം അഭ്യര്‍ത്ഥിക്കുന്നതിനായി സി പി ഐ എം ഗൃഹസന്ദര്‍ശനം ശനി, ഞായർ ദിവസങ്ങളിൽ

വയനാടിന് കൈത്താങ്ങേകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനായി സി പി ഐ എം പ്രവര്‍ത്തകര്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തും. ജില്ലയിലെ മുഴുവന്‍ വീടുകളും അയ്യായിരത്തോളം വരുന്ന പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് വയനാട്ടിലുണ്ടായ ദുരിത സാഹചര്യം വിശദീകരിക്കും.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിലേക്ക് ഫണ്ട് സമാഹരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വമേധയാ സംഭാവന നല്‍കുന്നതിന് കുടുംബാംഗങ്ങളോട് അഭ്യര്‍ത്ഥിക്കും. ആരില്‍ നിന്നും സി പി ഐ എം പ്രവര്‍ത്തകര്‍ പണം സ്വീകരിക്കില്ല. കുടുംബങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവന നല്‍കുന്നതിന് പ്രേരിപ്പിക്കുന്നതിനാണ് ഗൃഹസന്ദര്‍ശനം ലക്ഷ്യമിടുന്നത്.
എം എല്‍ എ മാര്‍, സംസ്ഥാന കമ്മറ്റി അംഗങ്ങള്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സി പി ഐ എം വിവിധ ഘടകങ്ങളിലെ പ്രവര്‍ത്തകര്‍ സഹകരണ സംഘം ഭരണസമിതി അംഗങ്ങള്‍, വര്‍ഗ്ഗ ബഹുജന സംഘടന പ്രവര്‍ത്തകര്‍, മഹിളാ-യുവജന വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ എന്നിവരും വയനാട് ദുരിതാശ്വാസ പ്രോത്സാഹന കാമ്പെയിനില്‍ പങ്കെടുക്കും.
സി പി ഐ എം നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ നിന്ന് അരക്കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് അറിയിച്ചു. ജില്ലാ കമ്മറ്റിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ നല്‍കുന്നതിനോടൊപ്പം എം എല്‍ എ മാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ ഒരു മാസത്തെ ഹോണറേറിയം, ബാങ്ക് പ്രസിഡന്‍റുമാരുടെ ഒരു മാസത്തെ ഹോണറേറിയം, സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങളുടെ സിറ്റിംഗ് ഫീസ് എന്നിവ ഇതിലുള്‍പ്പെടും.
ഏരിയാ കമ്മറ്റികള്‍ 10000 രൂപ വീതവും, ലോക്കല്‍ കമ്മറ്റികള്‍ 3000 രൂപ വീതവും, ബ്രാഞ്ച് കമ്മറ്റികള്‍ 1000 രൂപ വീതവും പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് മാത്രം ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നല്‍കിയശേഷം രസീത് ജില്ലാ കമ്മറ്റിയെ ഏല്‍പ്പിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. പാര്‍ട്ടി അംഗങ്ങളില്‍ നിന്നുമല്ലാതെ മറ്റാരില്‍ നിന്നും പണം സ്വീകരിക്കാതെയാണ് അരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതെന്നും സി വി വര്‍ഗീസ് പറഞ്ഞു.