മഴക്കെടുതി;ഓരോ നിയോജക മണ്ഡലത്തിലും ഡെപ്യൂട്ടി കളക്ടര്‍മാര്‍ ചുമതലയേറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി ജില്ലയില്‍ കഴിഞ്ഞ മൂന്നു ദിവസമായി നിലനില്‍ക്കുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ തടസ്സങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തു. ഓരോ നിയോജക മണ്ഡലത്തിലും ഡെപ്യൂട്ടി കളക്ടര്‍മാര്‍ ചുമതലയേറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.
റവന്യൂ, പോലീസ്, വനംവകുപ്പ്, പഞ്ചായത്ത്, ഫയര്‍ഫോഴ്‌സ്, പൊതുമരാമത്ത്, കെ.എസ്.ഇ.ബി, തുടങ്ങിയ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം ഉറപ്പാക്കണം. റോഡുകളില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ നീക്കുന്നതിന് പൊതുമരാമത്ത്, നാഷണല്‍ ഹൈവേ വിഭാഗങ്ങള്‍ സമയബന്ധിതമായി നടപടി സ്വീകരിക്കണം. ജില്ലാ ആസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്ന എന്‍.ഡി.ആര്‍.എഫിന്റെ ഡിസാസ്റ്റര്‍ ടീം ജാഗരൂകരായിരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതോടൊപ്പം തഹസില്‍ദാര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, വിവിധ വകുപ്പുകള്‍ എന്നിവര്‍ സജ്ജമാകണമെന്നും ആവശ്യമെങ്കില്‍ മണ്ണിടിച്ചിലും വെള്ളവും കയറുന്ന മേഖലകളില്‍ നിന്നും ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിനാവശ്യമായ ക്യാമ്പുകള്‍ മുന്‍കട്ടി കണ്ടെത്തിവയ്ക്കണമെന്നും ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്നും നിര്‍ദേശിച്ചു.
ജില്ലയില്‍ ഇതിനോടകം രണ്ടു ക്യാമ്പുകളാണ് തുറന്നത്. ഉടുമ്പന്‍ചോല പഞ്ചായത്തിലെ ഖജനപ്പാറയില്‍ ആരംഭിച്ചിട്ടുള്ള ക്യാമ്പില്‍ എട്ടു കുടുംബങ്ങളാണുള്ളത്. മൂന്നാറിലെ മൗണ്ട് കാര്‍മല്‍ സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ നാല്‍പ്പതോളം പേരാണുള്ളത്. ഇവര്‍ക്കാവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചതായി തഹസില്‍ദാര്‍ പറഞ്ഞു.
ഇടുക്കി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, മുല്ലപ്പെരിയാര്‍ ഡാമുകളിലെ ജലനിരപ്പ് വിലയിരുത്തി. മണ്ണിടിച്ചില്‍ സംഭവിച്ച റോഡുകള്‍ ഗതാഗതയോഗ്യമാക്കിയിട്ടുള്ളതായി യോഗത്തില്‍ പങ്കെടുത്ത് പൊതുമരാമത്ത്, എന്‍.എച്ച്. വിഭാഗങ്ങള്‍ അറിയിച്ചു. ഇതോടൊപ്പം വീടുകളോടു ചേര്‍ന്ന് സംരക്ഷണ ഭിത്തി തകര്‍ന്നിട്ടുള്ളതും, അപകടാവസ്ഥയിലായതുമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവരെ ചുമതലപ്പെടുത്തി.