കട്ടപ്പന നിർമലസിറ്റിക്ക് സമീപം പാർട്ടിപടിയിൽ മണ്ണിടിച്ചിൽ
തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. അടിമാലി കുമളി ദേശിയ പതയുടെ ഭാഗമായ കട്ടപ്പന ഇടുക്കി റോഡിലാണ് മണ്ണിടിഞ്ഞു വീണത്. റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങൾക്ക് മുമ്പ് ഇവിടെ മണ്ണ് നീക്കം ചെയ്തിരുന്നു. ആ സ്ഥലത്താണീപ്പോൾ ഭീമമായി മണ്ണിടിഞ്ഞിരിക്കുന്നത്. മണ്ണിടിഞ്ഞതിന് മുകൾ ഭാഗത്തായി മൂന്നോളം വീടുകളുണ്ട് .മണ്ണിടിഞ്ഞതോടെ ഈ വീടുകൾ എല്ലാം തന്നെ ഭീഷണിയിലാണ്.
ഏതാനും വർഷങ്ങളായി സമാനമായി ഇവിടെ മണ്ണിടിയുന്നുണ്ട്. അന്നുമുതൽ ഇവിടെ സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നതാണ്. എന്നാൽ ഇതുവരെയായും നടപടി ഉണ്ടായിട്ടില്ല . ഇതോടെ ആശങ്കയോടെയാണ് മേഖലയിലുള്ളവർ കഴിയുന്നത്. വത്സമ്മ പൂവക്കുന്നേൽ, ഷിജി പാറക്കൽ, ബാബു ചിലമ്പിൽ എന്നിവരുടെ വീടുകളാണ് ഭീഷണിയിൽ ഉള്ളത്.
സംസ്ഥാന പാതയിലേക്ക് മണ്ണിടിഞ്ഞുവീണതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരുന്നു. രാവിലെ 9 മണിയോടെ ഭാഗികമായി വാഹനങ്ങൾ കടന്നുപോയിരുന്നുവെങ്കിലും മണ്ണ് നീക്കം ചെയ്യാത്തത് പ്രതിഷേധത്തിനും കാരണമായി. മണ്ണിടിഞ്ഞ തോടെ വൈദ്യുതി ലൈനുകൾക്ക് തകരാറുകൾ സംഭവിക്കുകയും വൈദ്യുതി ബന്ധവും ഇന്റർനെറ്റ് ബന്ധവും പലയിടങ്ങളിലും തടസ്സപ്പെടുകയും ചെയ്തു .വലിയ തോതിലാണ് പാതയിലേക്ക് മണ്ണ് പതിച്ചിരിക്കുന്നത്. ഇത്തരത്തിൽ മേഖലയിൽ മണ്ണിടിയുന്നത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.