അഞ്ചുരുളി റോഡിൽ ഭാസി വളവിന് സമീപം മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്ട്ടം
പതിപ്പള്ളിയിൽ ബിനോയുടെ വീടിനു എതിർവശത്ത് നിലകൊണ്ടിരുന്ന മൺ ഭിത്തിയാണ് ഇടിഞ്ഞു വീണത് . വീടിന് സമീപത്തുകൂടി കൃഷിയിടത്തിലേക്ക് ഇടിഞ്ഞു വന്ന മണ്ണ് ഒലിച്ചു പോയതിനാൽ വലിയൊരു ദുരന്തം തന്നെയാണ് വഴി മാറിയത്. ഉരുൾപൊട്ടലിന് സമാനമായി മണ്ണും വെള്ളവും ഒലിച്ചിറങ്ങിയതോടെ ബിനോയിക്ക് വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്. ഏലം ഉൾപ്പെടെയുള്ള കൃഷികളാണ് ഒലിച്ചു പോയിരിക്കുന്നത്.
മണ്ണിടിഞ്ഞതോടെ അഞ്ചുരുളി കക്കാട്ടുകട റോഡിൽ പൂർണമായും ഗതാഗതം സ്തംഭിച്ചു. മണ്ണിടിഞ്ഞതിന് മറുവശത്തുള്ള ജനങ്ങൾ ഒറ്റപ്പെട്ട സാഹചര്യവും ഉണ്ടായി. കാഞ്ചിയാർ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി മണ്ണ് മാറ്റുന്നതിനുന്നുള്ള നടപടികൾ സ്വീകരിച്ച് രാവിലെ 11 മണിയോടെ ഗതാഗതം പുനസ്ഥാപിച്ചു. എന്നാൽ പാതയിൽ വിവിധ ഇടങ്ങളിൽ ഉറവകൾ ശക്തമായതും നീർചാലുകളിൽ നീരൊഴുക്ക് വർദ്ധിച്ചതും കൂടുതൽ ഭീഷണി ഉയർത്തുകയാണ്.
മഴ ശക്തമാകുന്നതോടെ മേഖലയിൽ വീണ്ടും മണ്ണടിയാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്. നിലവിൽ മണ്ണിടിഞ്ഞതിന്റെ സമീപത്തായി മുൻപും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട് . എന്നാൽ അന്ന് അധികം നാശമടക്കം ഉണ്ടായിട്ടില്ല. മേഖലയിൽ തുടർച്ചയായി മണ്ണിടിയുന്നത് വലിയ ആശങ്കയാണ് ജനങ്ങൾക്ക് ഉണ്ടാക്കുന്നത്.