ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിൽ നിർമ്മാണ നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ ഇറക്കിയിരിക്കുന്ന ഉത്തരവ് സർക്കാർ റദ്ദാക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി
ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിൽ നിർമ്മാണ നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ ഇറക്കിയിരിക്കുന്ന ഉത്തരവ് സർക്കാർ റദ്ദാക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു. മൂന്നാർ മേഖലയിലെ 13 പഞ്ചായത്തുകളിലെ ഭൂമിശാസ്ത്രപരമായ സ്ഥിതിയാണ് ഹൈറേഞ്ചിലെ ബാക്കി പഞ്ചായത്തുകളിലുമുള്ളത്.
നഗരപ്രദേശങ്ങളിൽ താമസിക്കുന്ന ഏതെങ്കിലും കപട പരിസ്ഥിതിക്കാരൻ ഇപ്പോഴത്തെ ഉത്തരവ് ഹൈറേഞ്ചിലെ ബാക്കി വില്ലേജുകളിലും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചാൽ അയാൾക്ക് അനുകൂലമായ ഉത്തരവ് ലഭിക്കും. ഹൈറേഞ്ചിലെ സ്ഥലങ്ങൾ വിൽക്കുവാനും പണയം വയ്ക്കുവാനും കഴിയാത്ത സാഹചര്യമുണ്ടാകും.
ഹൈറേഞ്ചിലെ ജീവിതം ദു:സഹമാക്കി ജനങ്ങൾ വെറും കയ്യോടെ ഇറങ്ങി പോകുവാൻ നിർബന്ധിതമാകണമെന്നുള്ള കാഴ്ചപ്പാടോടെ കപട പരിസ്ഥിതിവാദികളും ചില ഉദ്യോഗസ്ഥരും ഒത്തുചേർന്ന് ബോധപൂർവ്വം ഒരുക്കിയിരിക്കുന്ന കെണിയാണിത്. ഒരു ജനകീയ ഗവൺമെന്റ് ഉദ്യോഗസ്ഥരെ കയറൂരിവിട്ട് ജനങ്ങളെ ദ്രോഹിക്കുന്ന നടപടി ആത്മഹത്യാപരമാണ്. കോടതികളിലെ കേസുകൾ നടത്തുന്നതിൽ ഗവൺമെന്റ് ആത്മാർത്ഥത കാണിക്കാത്തതുകൊണ്ടാണ് ജനങ്ങൾക്കെതിരായ ഉത്തരവുകളുണ്ടാകുന്നത്.
വസ്തുതകൾ കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാരിന് സാധിക്കാതെ വന്ന സാഹചര്യങ്ങളിൽ വിവരങ്ങൾ ശേഖരിക്കുന്നതിന് കോടതി അമിക്കസ്ക്ക്യൂറിയെ ചുമതലപ്പെടുത്തേണ്ടതായി വന്നിട്ടുണ്ട്. ജില്ലാ കളക്ടറുടെ നിർമ്മാണ നിയന്ത്രണ ഉത്തരവിൻമേൽ സംസ്ഥാന ഗവൺമെന്റിന്റെ അഭിപ്രായം വ്യക്തമാക്കണം. ഇടതുപക്ഷ മന്ത്രിസഭയിൽ ജില്ലയെ പ്രതിനിധീകരിച്ച എം എം മണി, റോഷി അഗസ്റ്റിൻ എന്നിവരുടെ പ്രാപ്തിയില്ലായ്മ നിമിത്തമാണ് ഇപ്പോഴത്തെ ദു:സ്ഥിതി ഉണ്ടായത്.
ഇടുക്കിയിലെ ഇടതുപക്ഷ നേതൃത്വത്തിന്റെയും ഇടതുപക്ഷ നിയമസഭ സാമാജികരുടെയും ഈ ഉത്തരവിൻമേലുള്ള അഭിപ്രായം അറിയുവാൻ ജങ്ങൾക്ക് താല്പര്യം ഉണ്ട് .പിണറായി വിജയൻ മുഖ്യമന്ത്രി ആയതുമുതൽ ജില്ലയിലെ ഭൂപ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണുള്ളത്. ജില്ലാ കളക്ടറുടെ ഉത്തരവ് റദ്ദാക്കിയില്ലെങ്കിൽ ഹൈറേഞ്ചിലെ ജനങ്ങളുടെ നിലനിൽപ്പിനുവേണ്ടി ജനകീയ സമരങ്ങൾക്ക് യുഡിഎഫ് നേതൃത്വം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.