കട്ടപ്പന കുന്തളംപാറ റോഡ് അധികൃതരുടെ അവഗണനയിൽ ശോചനീയാവസ്ഥയിൽ.ബസുകൾ ഉൾപ്പെടെ കടന്നു പോകുന്ന ബൈപാസ് റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു.നടപടിയെടുക്കാതെ നഗരസഭ

കട്ടപ്പന നഗരത്തിന്റെ ഹൃദയഭാഗത്ത് കൂടി കടന്നു പോകുന്ന പ്രധാനപ്പെട്ട ബൈപ്പാസ് റോഡ് ആണ് കുന്തളം പാറ മാർക്കറ്റ് റോഡ്. ബസ്റ്റാൻഡിൽ നിന്നും കുമളിയിലേക്കുള്ള ബസ്സുകൾ ഇതുവഴിയാണ് കടന്നു പോകുന്നത്. ഒപ്പം പഴയ ബസ്റ്റാൻഡിൽ നിന്നും പുതിയ ബസ്റ്റാന്റിലേക്ക് ബസ്സുകൾ കടന്നു പോകുന്നതും ഇതുവഴി തന്നെയാണ്.
നിരവധി ആളുകൾ ഉപയോഗിക്കുന്നതും,മാർക്കറ്റുമായി ബന്ധപ്പെടുന്നതും , എളുപ്പമാർഗ്ഗത്തിൽ ടൗണിലേക്ക് എത്താൻ സാധിക്കുന്നതുമായ പാത ഇപ്പോൾ തീർത്തും ശോചനീയാവസ്ഥയിലാണ്. പാതയിൽ നിരവധി ഗർത്തങ്ങൾ രൂപപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം.
പാതയുടെ വശങ്ങളിലെ ഓടയുടെ അഭാവം വലിയ പ്രതിസന്ധിയാണ് ഉളവാക്കുന്നത്. മഴ പെയ്യുന്നതോടെ പാത ചെളിക്കുണ്ടായി മാറുകയാണ്. പാതയുടെ വിവിധ ഇടങ്ങളിൽ ടാറിങ് ഇളകി മാറി ഗർത്തങ്ങൾ രൂപപ്പെട്ടതോടെ ഇതിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നത് കാൽ നട യാത്രക്കാർക്കും പ്രതിസന്ധിയാകുന്നു.മുൻപ് കുഴികൾ അടയ്ക്കുവാനുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിലും ഏതാനും നാളുകൾക്ക് ഉള്ളിൽ തന്നെ ഇവ വീണ്ടും പൊട്ടിപ്പൊളിയുന്ന സാഹചര്യമാണ് ഉണ്ടായത്.
കൂടാതെ റോഡിന്റെ വീതി കുറവും മറ്റൊരു പ്രതിസന്ധിയാണ്. നിരവധി ആളുകൾ ഉപയോഗിക്കുന്നതും, നഗരത്തിന്റെ ഹൃദയഭാഗത്ത് കൂടി കടന്നു പോകുന്നതുമായ പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ നഗരസഭ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല.ടൗണിനുള്ളിലെ റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.