സപ്ലൈകോ പ്രതിസന്ധി പരിഹരിക്കാൻ 500 കോടി അനുവദിക്കണം : കെ സലിംകുമാർ

സപ്ലൈകോ പ്രതിസന്ധി പരിഹരിക്കാൻ ധന വകുപ്പ് അടിയന്തിരമായി 500 കോടി രൂപ അനുവദിക്കണമെന്ന് സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന സെക്രട്ടറി കെ സലിം കുമാർ ആവശ്യപ്പെട്ടു.പികെവി സ്മാരക ഹാളിൽ ചേർന്ന ഫെഡറേഷൻ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സലിംകുമാർ.സുവർണ ജൂബിലി ആഘോഷിക്കുന്ന സപ്ലൈകോ നാളിതുവരെയുണ്ടാകാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പൊള്ളുന്ന വിലക്കയറ്റത്തിൽ ജനങ്ങൾക്ക് ആശ്വാസം പകർന്നിരുന്ന സപ്ലൈകോ ദുർബലമാകുന്നത് കേരള മോഡലിന് കനത്ത തിരിച്ചടിയാകും. ദിവസ വേതനക്കാരായ ആയിരക്കണക്കിന്
തൊഴിലാളികളുടെ ജീവിതം കൂലി ലഭിക്കാത്തതുമൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സപ്ലൈകോയെ ഞെരുക്കുന്ന നിലപാട് അത്യന്തം പ്രതിഷേധാർഹമാണെന്നും സലിംകുമാർ പറഞ്ഞു.സപ്ലൈകോയെ രക്ഷിക്കുക, സപ്ലൈകോക്ക് സർക്കാർ നൽകാനുള്ള കുടിശിക അടിയന്തിരമായി ലഭ്യമാക്കുക,
സപ്ലൈകോ തൊഴിലാളികളുടെ തൊഴിലും കൂലിയും ഉറപ്പാക്കുക, സപ്ലൈകോ രൂപീകരണലക്ഷ്യത്തിൽ നിന്നുള്ള വ്യതിയാനം അവസാനിപ്പിക്കുക, വിലക്കയറ്റ കെടുതിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി 29, 30 തിയതികളിൽ എറണാകുളത്തെ ഹെഡ് ഓഫീസിനു മുന്നിൽ സപ്ലൈകോ തൊഴിലാളികൾ നടത്തുന്ന സത്യാഗ്രഹം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡൻ്റ് വി ആർ ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ ജയ മധു, എം കെ പ്രിയൻ, പി എൻ കൃഷ്ണൻകുട്ടി, കെ എം ഷാജി, ചാർളി ജോസഫ്, റെജി ജോസഫ്, സൗഫി മോൾ കെ പി, അമ്പിളി വി എസ്, ഉഷാകുമാരി, മെർലിൻ ആൻ്റണി, ഡാലി കണ്ണൻ, സൂസമ്മ വർഗ്ഗീസ് എന്നിവരും സംസാരിച്ചു.