കട്ടപ്പന നഗരത്തിൽ സി സി ടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കട്ടപ്പനയുടെ വിവിധങ്ങളിൽ രാത്രിയാകുന്നതോടെ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാവുകയാണ്. അതോടൊപ്പം വലിയ തോതിലാണ് മാലിന്യ നിക്ഷേപവും നടക്കുന്നത്. രാത്രിയാകുന്നതോടെ നഗരത്തിന്റെ വിവിധയിടങ്ങളിൽ ആളൊഴിയുന്നതോടെയാണ് പ്രതിസന്ധി ഉടലെടുക്കുന്നത്. നഗരത്തിന്റെ ഉള്ളിൽ തന്നെ ബൈപ്പാസ് റോഡുകളിൽ വഴിവിളക്കുകളുടെ അഭാവം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴിവെക്കുകയാണ്.
ഇതിനെതിരെ നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. സാമൂഹ്യവിരുദ്ധ ശല്യം നാളുകളായി തുടരുന്ന സ്ഥലങ്ങളിൽ ക്യാമറകളും വഴിവിളക്കുകളും സ്ഥാപിക്കണമെന്ന ആവശ്യമാണ് ഉയർന്നു വരുന്നത്. ഇടുക്കി കവല -പള്ളിക്കവല ബൈപാസ് റോഡ് അടക്കം രാത്രിയാകുന്നതോടെ മദ്യപന്മാരുടെ താവളമാണ്.
അതോടൊപ്പം രാത്രിയുടെ മറവ് പറ്റി ഇവിടം മാലിന്യനിക്ഷേപ കേന്ദ്രമായും മാറുന്നു. കട്ടപ്പനയിലെ വിവിധ ഉൾ മേഖലകൾക്കൊപ്പമാണ് നഗരത്തിനുള്ളിലും സാമൂഹ്യശല്യവും മാലിന്യനിക്ഷവും രൂക്ഷമാവുകയാണ്. മുൻപ് 11 ലക്ഷം രൂപ മുടക്കി 16 ഇടങ്ങളിലായി 32 സിസിടിവി ക്യാമറകൾ നഗരസഭ സ്ഥാപിച്ചിരുന്നു . അവ പ്രവർത്തനരഹിതമായതോടെ നഗരത്തിന്റെ വിവിധ ഇടങ്ങൾ സാമൂഹ്യവിരുദ്ധ കേന്ദ്രമായി മാറുകയാണ്.