മൂന്നാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെയും സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി ശശിക്കെതിരെയും വിമര്‍ശനവുമായി മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍

മൂന്നാര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെയും ബാങ്കിന് കീഴിലുള്ള നക്ഷത്ര ഹോട്ടലിനെയും സംബന്ധിച്ച് പുറത്തു വന്ന വാര്‍ത്തകള്‍ തള്ളി സി പി എം ജില്ലാ നേതൃത്വവും ഒപ്പം ബാങ്ക് ഭരണ സമതിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഭരണസമിതിക്കെതിരെയും സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി ശശിക്കെതിരെയും വിമര്‍ശനവുമായി മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍ രംഗത്തെത്തിയിട്ടുള്ളത്.
2020ല്‍ തന്നെ ബാങ്കിനെ സംബന്ധിച്ച പരാതിയും കാര്യങ്ങളും പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയിരുന്നുവെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു.പാര്‍ട്ടിയെ മുന്നില്‍ നിര്‍ത്തി നടത്തുന്ന കച്ചവടത്തിന് മുന്‍കൂര്‍ ജാമ്യമെടുത്തിരിക്കുകയാണ് കെ വി ശശിയെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു.
തോട്ടം തൊഴിലാളികളുടെ പണത്തിന്റെ വിഹിതം കച്ചവടത്തിലേക്ക് മാറ്റുമ്പോള്‍ അതിന്റെ നിയമവശങ്ങളും വസ്തുതകളും മനസ്സിലാക്കാതെ ഭരണ സ്വാധീനം ഉപയോഗപ്പെടുത്തി നടത്തിയതിന്റെ ഭാഗമാണ് ഇപ്പോള്‍ ബാങ്കിന് കീഴിലുള്ള ഹോട്ടലിനെ സംബന്ധിച്ച് ഉണ്ടായിട്ടുള്ള കാര്യങ്ങളെന്നും എസ് രാജേന്ദ്രനും വ്യക്തമാക്കി.
2020മുതല്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് താന്‍ നല്‍കിയിട്ടുള്ള പരാതികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കാം പാര്‍ട്ടി നേതൃത്വം ബാങ്കിനെ സംബന്ധിച്ച് ഇപ്പോള്‍ എടുത്തിട്ടുള്ള തീരുമാനങ്ങളെന്നും എസ് രാജേന്ദ്രന്‍ മൂന്നാറില്‍ പറഞ്ഞു.