ഇടുക്കി ചിന്നക്കനാലിൽ ആദിവാസികളുടെ വൈദ്യുതി മുടക്കി വനം വകുപ്പ്

ഇടുക്കി ചിന്നക്കനാലിൽ ആദിവാസികളുടെ വൈദ്യുതി മുടക്കി വനം വകുപ്പ്. ചിന്നക്കനാൽ 301 കോളനിക്ക് സമീപം താമസിക്കുന്ന മൂന്ന് ആദിവാസി കുടുംബങ്ങൾക്ക് വൈദ്യുതി എത്തിക്കാൻ സ്ഥാപിച്ച പോസ്റ്റുകൾ പിഴുതു മാറ്റാനാണ് വനംവകുപ്പിൻ്റെ നിർദ്ദേശം. പുതിയതായി പ്രഖ്യാപിച്ച സൂര്യനെല്ലി റിസർവിലൂടെ വൈദുതി ലൈൻ വലിച്ചു എന്ന താണ് വനംവകുപ്പിന്റെ ആക്ഷേപം.
വർഷങ്ങളായി ചിന്നക്കനാലിൽ താമസിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട മൂന്ന് കുടുംബങ്ങൾക്ക് കെഎസ്ഇബി വൈദ്യുതി കണക്ഷൻ നൽകിയത് കഴിഞ്ഞ ഒമ്പതാം തീയതിയാണ്. തൊട്ടടുത്തുള്ള രണ്ടു കുടുംബങ്ങൾക്ക് എട്ടു വർഷം മുമ്പ് വൈദ്യുതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വൈദ്യുതി പോസ്റ്റുകൾ കൊണ്ടുവന്നതോടെയാണ് തടസ്സ വാദവുമായി വനംവകുപ്പ് എത്തിയത്.
പുതിയതായി പ്രഖ്യാപിച്ച സൂര്യനെല്ലി റിസർവ് ഫോറസ്റ്റിന്റെ ഭാഗമാണ് ഇവർ താമസിക്കുന്നതെന്നും ഇതിലൂടെ വൈദ്യുത ലൈൻ വലിക്കുവാൻ പാടില്ല എന്നാണ് വനം വകുപ്പിൻ്റെ നിലപാടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.ഇതോടെ രേഖകൾ ഹാജരാക്കുവാൻ ആവശ്യപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥർ നേരിട്ടെത്തി കുടുംബങ്ങൾക്ക് നോട്ടീസ് നൽകി.
സൂര്യനെല്ലിയിൽ റവന്യൂ ഭൂമി കയ്യേറി ജണ്ട സ്ഥാപിക്കുകയും പിന്നീട് റിസർവ് ഫോറസ്റ്റ് വിജ്ഞാപനം ഇറക്കുകയും ചെയ്ത വനംവകുപ്പിൻ്റെ നിലപാട് വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. വിജ്ഞാപനവുമായി ബന്ധപ്പെട്ട തുടർനടപടികൾ ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ഇതിനിടെയാണ് വീണ്ടും വനം വകുപ്പിന്റെ ഇടപെടൽ.
കാലങ്ങളായി താമസിക്കുന്ന കുടുംബങ്ങൾക്ക് പഞ്ചായത്തിൽ നിന്ന് വീട്ടുനമ്പരും നൽകിയിട്ടുണ്ട്. വീടുകൾക്ക് പഞ്ചായത്തിൽ കരമടയ്ക്കുകയും ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി വൈദ്യുതി എത്തിച്ചു നൽകിയത്. എന്നാൽ ഇപ്പോൾ ഇതെല്ലാം അട്ടിമറിക്കാനാണ് വനം വകുപ്പിൻ്റെ നീക്കം.