കട്ടപ്പന വള്ളക്കടവ് കരിമ്പാനിപ്പടി ചപ്പാത്ത് റോഡ് യാത്രയോഗ്യമാക്കണമെന്ന ആവശ്യം ശക്തം

അടിമാലി- കുമിളി ദേശീയപാതയിൽ വള്ളക്കടവ് ജംഗ്ഷൻ കൂടാതെ എളുപ്പമാർഗ്ഗത്തിൽ കട്ടപ്പനയിൽ നിന്ന് ആനവിലാസം ഭാഗത്തേക്ക് പോകാൻ സാധിക്കുന്ന സമാന്തരപാതയാണ് കരിമ്പാനിപ്പടി ചപ്പാത്ത് റോഡ്. എന്നാൽ പത്തു വർഷത്തോളമായി റോഡ് തീർത്തും ശോച്യാവസ്ഥയിലാണ് . മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഫണ്ട് അനുവദിച്ചുവെങ്കിലും കരാറുകാർ പദ്ധതി ഏറ്റെടുക്കുന്നില്ല.
ഇതോടെ ഒന്നര കിലോമീറ്റർ ദൂരം പൂർണ്ണമായി തകർന്നു കിടക്കുകയാണ്.കട്ടപ്പന നഗരസഭയുടെ 23, 24 വാർഡുകളുടെ അതിർത്തി പങ്കിടുന്ന പാത കൂടിയാണിത്. നിരവധി കുടുംബങ്ങളും മേഖലയിൽ താമസമുണ്ട്. എന്നാൽ പാതയിൽ ഉടനീളം ഇപ്പോൾ വെള്ളക്കെട്ട് മാത്രമാണ് കാണാനാവുക.
ഇതോടെ പ്രദേശവാസികളും ഈ പാതയെ ആശ്രയിക്കാതെ പ്രധാന വഴിയിലെത്തി കിലോമീറ്ററുകൾ ചുറ്റിയാണ് യാത്ര ചെയ്യുന്നത്. പാതയുടെ പ്രാധാന്യം മനസ്സിലാക്കി റോഡ് യാത്രായോഗ്യമാക്കാൻ അധികൃതർ അടിയന്തര നടപടി കൈക്കൊള്ളണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.