ഇടുക്കിയിലെ കർഷകർക്ക് ആശ്വാസമായി സർക്കാർ തീരുമാനം

ഭൂപ്രശ്നങ്ങളെ തുടർന്ന് റീസർവേ പൂർത്തിയാക്കാത്ത സ്ഥലങ്ങളിൽ നിരവധി കർഷകർക്കാണ് ഇനിയും പട്ടയം ലഭിക്കാനുള്ളത്. ജില്ലയിലാകെ മുപ്പതിനായിരത്തോളം കർഷകരാണ് പട്ടയത്തിനുള്ള അപേക്ഷ നൽകി കാത്തിരിക്കുന്നത്. ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന പട്ടയം ലഭിക്കാത്ത കർഷകർക്കും കൃഷിനാശത്തിന് നഷ്ടപരിഹാരം അനുവദിക്കാനുള്ള സർക്കാർ തീരുമാനം ഏറ്റവും അധികം പ്രയോജനം ചെയ്യുന്നത് ഇടുക്കിയിലെ വനാതിർത്തികൾ പങ്കിടുന്ന സ്ഥലങ്ങളിലുള്ളവർക്കാണ്.
രണ്ടുമാസം മുൻപ് ഉണ്ടായ ഉഷ്ണ തരംഗത്തിൽ 6200 കർഷകരുടെ 1693.580 ഹെക്ടർ ഏലം കൃഷിയാണ് നശിച്ചത്. ശരാശരി 11.85 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പട്ടയം ഇല്ലാത്ത ഭൂമി കൈവശം വച്ചിരിക്കുന്ന ഭൂരിഭാഗം കർഷകരും അപേക്ഷ നൽകിയിരുന്നില്ല. കരം അടച്ചതിന്റെ രേഖകൾ ഉൾപ്പെടെ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതിനാലാണ് ഈ കർഷകർ അപേക്ഷ നൽകാത്തത്. നഷ്ടപരിഹാരത്തിന് കൃഷിവകുപ്പിന്റെ എയിംസ് പോർട്ടൽ മുഖേന അപേക്ഷ നൽകാനുള്ള സമയപരിധി ഈ മാസം 30 വരെ ദീർഘിപ്പിച്ചതോടെ ഇനിയും കൂടുതൽ കർഷകർ അപേക്ഷ സമർപ്പിക്കുമെന്നാണ് കൃഷിവകുപ്പിന്റെ നിഗമനം.
പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന കൃഷി നാശങ്ങൾക്ക് നഷ്ടപരിഹാരങ്ങൾ നൽകുന്നതിന് പട്ടയമില്ലാത്ത ഭൂമിയിലെ കൃഷിയും ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാരിനെ അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡൻറ് മാത്യു വർഗീസ് അഭിനന്ദിച്ചു. ദീർഘകാലമായി കിസാൻ സഭ ഈ ആവശ്യം കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ തിരുമാനം പ്രാബല്യത്തിൽ വരുന്നതോടെ കൃഷിനാശത്തിന്റെ അളവ് ഇനിയും വർധിക്കും. അതേസമയം വനാതിർത്തികളിൽ വന്യജീവി ആക്രമണം മൂലം കൃഷി നശിച്ച പട്ടയം ഇല്ലാത്ത കർഷകർക്കും നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.