കട്ടപ്പന നഗര സഭയിൽ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി ചേർന്നു
കട്ടപ്പന നഗരസഭ പരിധിയിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന പുതിയ ബസ് സ്റ്റാൻഡിലെ വിവിധ വാഹന പാർക്കിംഗ് സംബന്ധിച്ചാണ് ചർച്ചകൾ ഉയർന്നുവന്നത്. ഓട്ടോറിക്ഷ പാർക്കിങ്ങുമായി ബന്ധപ്പെട്ട് വിവിധ പ്രശ്നങ്ങളും ആക്ഷേപങ്ങളും ഉയർന്നു വന്ന സാഹചര്യത്തിൽ, വിഷയം കമ്മറ്റിയിൽ പ്രധാന ചർച്ചയായി. കാൽനടയാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കിയും വ്യാപാരികൾക്ക് തടസ്സമില്ലാതെയും പുതിയ ബസ്റ്റാൻഡിൽ ഓട്ടോറിക്ഷ സ്റ്റാൻഡ് ലൈൻ വരച്ച് ക്രമപ്പെടുത്തും.
അതോടൊപ്പം ബസ് സ്റ്റാൻഡിനുള്ളിലെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ വാഹനങ്ങളുടെ എണ്ണം 3 ആയി നിജപ്പെടുത്തി. ഒപ്പം സവാരിക്ക് മുന്നോടിയായി ബസ്സുകൾ സ്റ്റാൻഡിനുള്ളിൽ പാർക്ക് ചെയ്യുന്നതിനും നിയന്ത്രണങ്ങൾ ഉണ്ടാകും. പുതിയ ബസ്റ്റാന്റുമായി ബന്ധപ്പെട്ടുള്ള പാർക്കിംഗ് വിഷയങ്ങളിലെ തീരുമാനങ്ങളാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിൽ കൈക്കൊണ്ടത്.
കൂടാതെ അന്യ വാഹനങ്ങൾ ബസ് സ്റ്റാൻഡിനുള്ളിൽ അനധികൃതമായി പ്രവേശിക്കുന്നതിനെതിരെ മുന്നറിയിപ്പ് ബോർഡുകൾ അടക്കം സ്ഥാപിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നും യോഗത്തിനോട് അനുബന്ധിച്ച് നഗരസഭ അധ്യക്ഷ പറഞ്ഞു.
കട്ടപ്പന നഗരസഭയിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിൽ നഗരസഭ അധ്യക്ഷ ബീന ടോമി , ട്രാഫിക് എസ് ഐ -എം ആർ രാജിവ്, വ്യാപാര വ്യവസായി സമിതി നേതാക്കൾ, വിവിധ ട്രൈഡ് യൂണിയൻ നേതാക്കൾ, ബസ് ഓപ്പറേറ്റീവ് അസോസിയേഷൻ പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു.