കട്ടപ്പന നരിയംപാറയിൽ കൂട്ടി ഇട്ടിരിക്കുന്ന മെറ്റൽ അപകട ഭീക്ഷണി ഉയർത്തുന്നു

മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന നെടിയംപാറയിലാണ് മെറ്റൽ കൂട്ടിയിട്ടിരിക്കുന്നത്. ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി ഇട്ടിരിക്കുന്ന മെറ്റൽ കൂന വലിയ അപകടം ഭീഷണിയാണ് ഉയർത്തുന്നത്. മലയോര ഹൈവേയായി നവീകരിച്ച റോഡിന്റെ വീതിയിൽ പാതിഭാഗത്തോളം അടച്ചാണ് മെറ്റൽ കിടക്കുന്നത്. ഇതോടെ റോഡിന്റെ വീതി കുറയുകയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.
വേഗതയിൽ എത്തുന്ന വാഹനം വളവിൽ കൂട്ടിയിട്ടിരിക്കുന്ന മെറ്റൽ കൂന കാണാതെ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ അപകടത്തിൽപ്പെട്ടിട്ടും മെറ്റൽ ഇവിടെ നിന്ന് നീക്കാൻ യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല എന്നാണ് പരാതി.
വാഹന യാത്രക്കാർക്ക് പുറമേ കാൽനടയാത്രക്കാർക്കും മെറ്റൽകൂന അപകട ഭീഷണി ഉയർത്തുന്നു. മതിയായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തത് മൂലം രാത്രികാലങ്ങളിൽ വാഹനങ്ങൾ മെറ്റൽ കൂനിയിലേക്ക് ഇടിച്ച്കയറാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. അടിയന്തരമായി ഹൈവേ നിർമ്മാണ അധികൃതർ മെറ്റൽ ഇവിടെ നനിന്നും നീക്കാനുള്ള നടപടി സത്വരമായി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.