താലൂക്ക് സപ്ലൈ ഓഫീസ് അധികൃതരുടെ കെടുകാര്യസ്ഥതയിൽ, റേഷൻ അടക്കം മുടങ്ങുകയും 5000 രൂപയിൽ അധികം പിഴ തുകയും ലഭിച്ച് പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ഒരു കുടുംബനാഥൻ

എ സ്സി വിഭാഗത്തിൽപ്പെട്ട മുരിക്കാശ്ശേരി പടമുഖം സ്വദേശിയായ കുഞ്ഞുമോൻ കൂലിപ്പണി ചെയ്താണ് ഉപജീവനം നടത്തുന്നത്.കുഞ്ഞുമോന്റെ മകൻ കഴിഞ്ഞ ജനുവരിയിൽ നാല് ചക്ര വാഹനം വാങ്ങിയിരുന്നു.ഇതോടെ നിയമപ്രകാരം ഏ ഏ വൈ റേഷൻ കാർഡ് എപിഎൽ ആക്കാൻ താലൂക്ക് സപ്ലൈ ഓഫീസിൽ ഫെബ്രുവരിയിൽ അപേക്ഷ നൽകുകയും ചെയ്തു.
എന്നാൽ ഒരു നടപടിയും ഉണ്ടായില്ല.ഇതിനുശേഷം തുടർന്നുള്ള മാസങ്ങളിൽ ഇദ്ദേഹം വീട്ടിലേക്കുള്ള റേഷൻ സാധനങ്ങൾ വാങ്ങുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം റേഷൻ കടയിൽ സാധനം വാങ്ങാൻ ചെന്നപ്പോൾ 5448 രൂപഅടയ്ക്കണം എന്ന നിർദ്ദേശമാണ് തനിക്ക് ലഭിച്ചത്.
കൂടാതെ റേഷൻ സാധനങ്ങൾ തുടർന്ന് വാങ്ങാൻ കഴിയാത്ത സാഹചര്യവും നിലവിൽ ഉണ്ട്.ഇതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് കുടുംബം. താലൂക്ക്സപ്ലൈ ഓഫീസ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കെടുകാര്യസ്ഥത മൂലമാണ് തനിക്ക് ഈ സാഹചര്യം ഉണ്ടായതെന്ന് കുഞ്ഞുമോൻ പറയുന്നു.
കൂലിപ്പണി ചെയ്ത് ഉപജീവനം നയിക്കുന്ന താൻ വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ഇപ്പോൾ വൻ തുക മുടക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.റേഷൻ കാർഡ് മാറാൻ അപേക്ഷ നൽകിയിട്ടും അധികൃതരുടെ കെടുകാര്യസ്ഥത മൂലം തനിക് ഉണ്ടായ പിഴത്തുക തിരിച്ചടയ്ക്കാൻ സാധിക്കുകയില്ലെന്നും,ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകണമെന്നുമാണ് കുഞ്ഞുമോൻ പറയുന്നത്.