വണ്ടിപ്പെരിയാർ മൂലക്കയം മാട്ടുപ്പെട്ടിയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കടുവയെ പിടിക്കാൻവനം വകുപ്പ് കൂട് സ്ഥാപിച്ചു
വണ്ടിപ്പെരിയാർ മൂലക്കയം മാട്ടുപ്പെട്ടി ആറാം നമ്പർ ഭാഗത്ത് കഴിഞ്ഞ ഒരാഴ്ചക്കാലമായി കടുവയുടെ കാൽപ്പാടുകൾ കാണുകയും ജനങ്ങൾ ഭീതിയിൽ ആവുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് വനം വകുപ്പിൽ വിവരമറിയിക്കുകയും വനം വകുപ്പിൽ നിന്നും പ്രദേശത്ത് ഇറങ്ങിയത് കടുവയാണോ എന്ന് അറിയുന്നതിനായി ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞദിവസം രാത്രിയിൽ കടുവ ക്യാമറയുടെ മുൻപിൽ എത്തുകയും വനം വകുപ്പിന്റെ ക്യാമറയിൽ കടുവയുടെ ദൃശ്യങ്ങൾ പതിയുകയും ചെയ്തു.
പ്രദേശത്തെ മുപ്പതോളം കുടുംബങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യം ഇതോടെ ശക്തമാവുകയായിരുന്നു.തുടർന്നാണ് കോട്ടയം വൈൽഡ് ലൈഫ് ഡി എഫ് ഒ യുടെ നിർദ്ദേശപ്രകാരം വെറ്റിനറി അസിസ്റ്റന്റ് ഡോക്ടർ അനുരാഗിന്റെ നേതൃത്വത്തിൽ മൂലക്കയം മാട്ടുപ്പെട്ടിയിൽ കടുവയെ പിടികൂടുന്നതിനായുള്ള കൂട് സ്ഥാപിച്ചത് എന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർപി കെ റെജിമോൻ പറഞ്ഞു.
മുൻപ് വണ്ടിപ്പെരിയാർ മൂങ്കലാർ ഭാഗത്ത് പുലി ഇറങ്ങുകയും വളർത്തുമൃഗങ്ങളെ പിടികൂടുകയും ചെയ്തിരുന്നു. ഇതോടെയാണ് മൂങ്കലാറ്റിലെ പുലിയെ പിടിക്കുന്നതിനായി മൂങ്കലാർ തേയില കട്ടിൽ കൂട് സ്ഥാപിച്ചത്. എന്നാൽ കൂട് സ്ഥാപിച്ച് ആറുമാസം പിന്നിട്ടിട്ടും പുലി കൂട്ടിൽ വീണില്ല. തുടർന്നാണ് അവിടെ നിന്നുംകൂട് മൂലക്കയം ഭാഗത്തെ കടുവയെ പിടിക്കാൻ മാറ്റി സ്ഥാപിച്ചിരിക്കുന്നത്.
രണ്ടുദിവസത്തിനുള്ളിൽ തന്നെ കടുവ കൂട്ടിൽ അകപ്പെടും എന്നാണ് വനം വകുപ്പ് കരുതുന്നത്. ഇതേസമയം മൂലക്കയം മാട്ടുപ്പെട്ടി മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം നിരന്തരമായി ഉണ്ടാവുകയാണ്. സ്ഥിരമായി ഇവിടെ കരടിയേയും കണ്ടുവരാറുണ്ട്.
വനാതിർത്തിയോട്ചേർന്ന് കിടക്കുന്ന പ്രദേശമായതിനാലാണ് വന്യമൃഗങ്ങൾ ഈ പ്രദേശത്തേക്ക് കടന്നു വരുന്നത്, ട്രഞ്ച് ഇലക്ട്രിക് ഫെൻസിങ് അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ അതിർത്തിയിൽ സ്ഥാപിച്ചാൽ മാത്രമേ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കുന്നതിന് ശാശ്വത പരിഹാരം ആവുകയുള്ളൂ.