ലയങ്ങൾ തകർന്നു വീണിട്ടും സർക്കാർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് കേരളാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ INTUC ഭാരവാഹികൾ
മഴക്കാലമാരംഭിക്കുന്നതോടുകൂടി പീരുമേട് താലൂക്കിലെ ശോചനീയാവസ്ഥയിലുള്ള ലയങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തണമെന്നാവശ്യപ്പെട്ട് കേരളാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പീരുമേട് ഡെപ്യൂട്ടി ലേബർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചിരുന്നു.ഇതിന് ശേഷം മഴ ശക്തമായതോടുകൂടി പീരുമേട് താലൂക്കിലെ 5ഓളം ലയങ്ങൾ ഇടിഞ്ഞ് വീണിരുന്നു.
തൊഴിലാളികളുടെ ജീവന് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലും സർക്കാർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ അടിയന്തിരമായി പ്ലാന്റേഷൻ ലേബർ കമ്മറ്റി വിളിച്ച് ചേർത്ത് ലയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്കാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും KPW യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ 2 സംസ്ഥാന ബഡ്ജറ്റുകളിലായി 20 കോടി രൂപയാണ് എസ്റ്റേറ്റ് ലയങ്ങളുടെ നവീക കരണ പ്രവർത്തനങ്ങൾക്കായി സർക്കാർ അനുവദിച്ചതായി പ്രഖ്യാപിച്ചത്. എന്നാൽ ഇത് പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങുകയായിരുന്നുവെന്നും നേതാക്കൾ ആരോപിച്ചു. ജീർണിതാവസ്ഥയിൽ നിലകൊള്ളുന്ന ലയങ്ങളിൽ താമസക്കാരായ തൊഴിലാളികളുടെ ജീവൻ വച്ച് പന്താടുന്ന സർക്കാർ നടപടിയിൽ ഇനിയും ശക്തമായ പ്രതിഷേധ സമരങ്ങളുമായി രംഗത്തെത്തുമെന്നും നേതാക്കളായ KPW യൂണിയൻ ജനറൽ സെക്രട്ടറി ഷാജിപൈനാടത്ത്, വർക്കിംഗ് പ്രസിഡന്റ് M ഉദയ സൂര്യൻ, KA സിദ്ദിഖ്.,N മഹേഷ് തുടങ്ങിയവർ അറിയിച്ചു.