കൊച്ചിയിൽ നിന്ന് മൂന്നാറിലേക്ക് 10 മീറ്റർ വീതിയിൽ റോഡ് നവീകരണം. കൊച്ചി - ധനുഷ്കോടി ദേശീയ പാത നവീകരണത്തിന് 1,073 കോടി
കൊച്ചിയിൽ നിന്നു മൂന്നാറിലേക്കുള്ള യാത്ര സുഗമമാക്കാൻ കൊച്ചി - ധനുഷ്കോടി ദേശീയപാത 1,073.8 കോടി രൂപ ചെലവഴിച്ചു നവീകരിക്കുന്ന പദ്ധതി ഉടൻ ആരംഭിക്കും. പദ്ധതിയുടെ നിർമാണത്തിനു ദേശീയപാത അതോറിറ്റിയും ഇകെകെ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുമായി കരാർ ഒപ്പിട്ടു. 910.59 കോടി രൂപയ്ക്കാണ് പദ്ധതിയുടെ കരാർ. നികുതി ഉൾപ്പെടെ 1,073.8 കോടി രൂപയാണ് പദ്ധതിക്കായി ആകെചെലവ് പ്രതീക്ഷിക്കുന്നത്. 2 വർഷം കൊണ്ട് നവീകരണം യാഥാർഥ്യമാകുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. ഇതേ പാതയിൽ നേരത്തെ നിർമാണംആരംഭിച്ച ബോഡിമെട്ട് - മൂന്നാർ നവീകരണ പദ്ധതി ഉടൻ തന്നെ ഉദ്ഘാടനം ചെയ്യുമെന്നും എംപി പറഞ്ഞു.
കൊച്ചി മുതൽ മൂന്നാർ വരെ 125 കിലോമീറ്റർ നീളത്തിലാണ് റോഡ്. 10 മീറ്റർ വീതി ഉറപ്പാക്കിയാകും നിർമാണം. 110 കിലോമീറ്റർ ദൂരം വീതി കൂട്ടിയാണ് നവീകരിക്കുക. നേര്യമംഗലത്ത് പുതിയ പാലം നിർമിക്കും.ഇതു കൂടാതെ 9 പാലങ്ങൾ വീതി കൂട്ടും. വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡിന്റെ ഇരു വശങ്ങളിലുമായി 186 കിലോമീറ്റർ പുതിയ കാനകൾ നിർമിക്കും.90 കിലോമീറ്റർ ദൈർഘ്യത്തിൽ സംരക്ഷണ ഭിത്തികൾ സ്ഥാപിക്കും.
ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുന്നതിനൊപ്പം മൂന്നാറിലേക്കുള്ള സഞ്ചാരികൾക്ക് സുഗമ പാതയുമായി കൊച്ചി ധനുഷ്കോടി പാത മാറും എന്നതാണു നവീകരണത്തിന്റെ പ്രത്യേകത.നേര്യമംഗലം പാലം കഴിഞ്ഞാൽ അടിമാലി വരെ പാത പോകുന്നത് വനത്തിലൂടെയാണ്.