വസ്ത്ര വ്യാപാര മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാരിൻറെ ഇടപെടൽ ഉണ്ടാവണം ; കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റി
വസ്ത്ര വ്യാപാര മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാരിൻറെ ഇടപെടൽ ഉണ്ടാവണമെന്ന്കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പുറം നാട്ടുകാരെ ഉപയോഗപ്പെടുത്തി കുത്തക മുതലാളിമാരുടെ ടെക്സ്റ്റൈൽ വ്യാപാര മേഖലയിലേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും കെടിജിയെ ഇടുക്കി ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം വിതരണത്തിന്റെ പേരിൽ വൻ ക്രമക്കേടുകളാണ് നടക്കുന്നത്.. ഇത്തരത്തിൽ തുണിത്തരങ്ങൾ വിൽക്കുന്നതിലൂടെ സർക്കാരിന് നികുതി വരുമാനം ലഭിക്കുന്നില്ലന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. അതേസമയം ഉപജീവനത്തിനായി വഴിയോരത്ത് ചെറിയതോതിൽ കച്ചവടം നടത്തുന്ന തദ്ദേശീയരെ തങ്ങൾ എതിർക്കുന്നില്ല.
വസ്ത്ര വ്യാപാര മേഖലയിൽ നേരിടുന്ന വെല്ലുവിളികൾ സർക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അനുകൂലമായ തീരുമാനമുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നതായും അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി ഭാരവാഹികൾ ചെറുതോണിയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പ്രസിഡണ്ട് സുമൻ എസ്, ജനറൽ സെക്രട്ടറി അഹമ്മദ് കബീർ, ട്രഷറർ അനസ് പി അസീസ് ഉൾപ്പെടെയുള്ള ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.