അയ്യപ്പൻകോവിൽ പരപ്പിൽ മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു; മലയോര ഹൈവേ നിർമ്മാണം നടക്കുന്ന പലയിടങ്ങളും മണ്ണിടിച്ചിൽ ഭീഷണിയിൽ
അയ്യപ്പൻകോവിൽ പരപ്പിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രി 9.30 ഓടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അശാസ്ത്രീയമായ മലയോര ഹൈവെ നിർമ്മാണം മൂലമാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് ആരോപണം .ഇന്നലെ പെയ്ത മഴയിൽ പരപ്പ് പാറമടക്ക് സമീപം ഉരുൾപൊട്ടൽ പോലെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണും കല്ലും മരങ്ങളും വലിയ ശബ്ദത്തോടെയാണ് റോഡിൽ പതിച്ചത് .ജനങ്ങൾ വലിയ ഭീതിയിലുമായി.
മണ്ണിടിച്ചിൽ ഉണ്ടായി മിനിറ്റുകൾക്കും ഉപ്പുതറ പോലീസ് സ്ഥലത്തെത്തുകയും ശതാഗതം നിരോധിക്കുകയും ചെയ്തു. രാത്രി നിരോധിച്ച ഗതാഗതം ഇനിയും പുന:സ്ഥാപിക്കാനായിട്ടില്ല. മലയോര ഹൈവേയ്ക്ക് മണ്ണ് നീക്കം ചെയ്തതും ഉഗ്ര സ്ഫോടനശേഷിയുള്ളവെടി മരുന്ന് ഉപയോഗിച്ച് പാറ പൊട്ടിച്ചതുമാണ് മണ്ണിടിച്ചിലിന് ഇടയാക്കിയത്. ഒരേസമയം 10 ഉം 15 വെടികളാണ് വയ്ക്കുന്നത്. ഇതിനെ സമീപവാസികൾ എതിർത്തുവെങ്കിലും ഇതൊന്നും വകവെക്കാതെയാണ് പാറ പൊട്ടിക്കൽ തുടരുന്നത്.
പരപ്പ് മുതൽ ആലടി വരെ ഉരുൾ പൊട്ടൽ ഭീഷണിയിലുള്ള പ്രദേശമാണ്. ഇവിടെ മണ്ണ് നീക്കം ചെയ്തത് കഴിഞ്ഞ ജനുവരിയിലാണ്. ഈ ഭാഗത്ത് മണ്ണ് സംരക്ഷിക്കാൻ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ കരാറുകാർ കൂട്ടാക്കാതിരുന്നതാണ് മണ്ണിടിച്ചിലിന് ഇടയാക്കിയത്.
മണ്ണിടിഞ്ഞ വീണതിൻ്റെ 5 മീറ്റർ മുകൾ ഭാഗത്ത് ഭൂമി വിണ്ട് നിൽക്കുകയാണ്. റോഡിൽ വീണ മണ്ണ് നീക്കിയാൽ മുകൾ ഭാഗം ഇടിഞ്ഞ് വീഴുന്ന അവസ്ഥയിലാണ്. ഇത് കൂടാതെ ഹൈവേയ്ക്ക് വേണ്ടി മണ്ണ് നീക്കുകയും പാറ പൊട്ടിക്കുകയും ചെയ്ത ഭാഗങ്ങളിലും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ഇന്നലെയുണ്ടായ മണ്ണിടിച്ചിലിൽ ടാറിംഗ് പോലും തകർന്ന അവസ്ഥയിലാണ്.