പാറേമാവ് ആയൂര്‍വേദ ആശുപത്രിയില്‍ മലിനജല ശുദ്ധികരണ പ്ലാന്റ്: സ്ഥല പരിശോധന പൂര്‍ത്തിയായി

ഇടുക്കി പാറേമാവ് ആയൂര്‍വേദ ആശുപത്രിയിലെ മലിന ജലം സംസ്‌കരിച്ച് ഉപയോഗപ്രദമാക്കുന്നതിനും പരിസ്ഥിതി പ്രശ്‌നം പരിഹരിക്കുന്നതിനുമായി ജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥല പരിശോധന പൂര്‍ത്തിയായി. ഇതിനാവശ്യമായ സ്ഥലം ആശുപത്രി പരിസരത്ത് അനുവദിച്ചു നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി. മന്ത്രി റോഷി അഗസ്റ്റിന്റെ നിര്‍ദ്ദേശാനുസരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്ലാന്റിനായി 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ജൂലൈ അവസാനത്തോടെ എസ്റ്റിമേറ്റ്, ഡിസൈന്‍ എന്നിവ പൂര്‍ത്തിയാക്കി സാങ്കേതിക അനുമതി നല്കുന്നതിനും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ മാസത്തോടെ നിര്‍മാണം ആരംഭിക്കാനുമാണ് ശ്രമിക്കുന്നത്. ആശുപത്രിയില്‍ പ്രതിദിനം 25000 ലിറ്റര്‍ ജലമാണ് ഉപയോഗിക്കുന്നത്. ഈ ജലം ശുദ്ധികരിച്ച് പുനരുപയോഗിക്കുന്നതിനാണ് പദ്ധതി തയാറാക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ഔഷധ സസ്യങ്ങളുടെ പരിപാലനത്തിന്റെ ജലസേചനത്തിനാകും ഉപയോഗിക്കുക. രണ്ടാം ഘട്ടത്തില്‍ തുണി അലക്കുന്നതിനും ടോയ്ലറ്റ് ആവശ്യങ്ങള്‍ക്കും കൂടെ ഉപയോഗിക്കത്തക്ക വിധം ജലം ശുദ്ധീകരിച്ച് നല്‍കും. ഇതിനായി പ്ലംബിംഗ് ജോലികളില്‍ മാറ്റം വരുത്തേണ്ടതുണ്ട്.
സ്ഥല പരിശോധനയ്ക്ക് ടെക്നിക്കല്‍ ഡയറക്ടര്‍ ടി കെ മണി, ഡിഡിഓപി പി.വി ലാലച്ചന്‍, മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളായ ജോസി ജോസ്, ബിനോയ് സെബാസ്റ്റ്യന്‍, വാട്ടര്‍ കണ്‍സെര്‍വേഷന്‍ സ്പെഷ്യലിസ്റ് ഡോ. വി പ്രദീപ്കുമാര്‍, ടെക്നിക്കല്‍ മാനേജര്‍ ശ്രീജിത്ത് സി.ആര്‍. റീജിണല്‍ ഡയറക്ടര്‍ ബിജുമോന്‍ കെ.കെ, പ്രൊജക്റ്റ് എഞ്ചിനീയര്‍ ഗണേശന്‍ എന്‍ എന്നിവര്‍ പങ്കെടുത്തു.
സ്ഥല പരിശോധനക്ക് ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന്‍,,ജലനിധി സ്റ്റാന്റിംഗ് കൗണ്‍സില്‍ അംഗം ഷിജോ തടത്തില്‍, ജില്ലാ ആയൂര്‍വേദ ഡി എം ഓ ഡോ .ജോര്‍ജ് മാത്യു ,സി എം ഓ ഡോ.ജീന കെ കെ,.ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷെര്‍ല ബീഗം എസ്,ഡോ ആനന്ദ്, ഡോ.നീതീഷ് എന്നിവര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.