മൂന്ന് ബൾബുകൾ മാത്രമുള്ള രണ്ടു മുറി വീടിന് വൈദ്യുത ബില്ല് 34,165 രൂപ; വൈദ്യുതി വിഛേദിച്ച് കെ എസ് ഇ ബി.വെളിച്ചമില്ലാതെ 59 കാരനും മകളും

അയ്യപ്പൻകോവിൽ മേരികുളം ആറേക്കർ ആലയ്ക്കൽ എ.ജെ. ആഗസ്തിയുടെ വീടിൻ്റെ വൈദ്യുതിയാണ് വിഛേദിച്ചിരിക്കുന്നത്.ഓൺലൈൻ ആയി ബില്ലടക്കാൻ എത്തിയപ്പോൾ 34,165 രൂപയാണ് ചാർജ് ഇനത്തിൽ വന്നിരിക്കുന്നത്.കൂലിപ്പണിക്കാരനായ ആഗസ്തി അന്നന്നത്തെ ചെലവിന് വേണ്ടി പാടുപെടുമ്പോഴാണ് കെ.എസ് സി.ബി യുടെ ഇരുട്ടട്ടി.
2006 ൽ വൈദ്യുതി കണക്ഷൻ ലഭിച്ച ഇദ്ദേഹത്തിന് ഇത്രയും വർഷങ്ങളായി 146 മുതൽ 200 രൂപവരെയാണ് വർഷങ്ങളായി വൈദ്യുതി ബിൽ വന്നിരിക്കുന്നത്. 2023 ഒക്ടോബർ 26 തീയതി ഇദ്ദേഹത്തിൻ്റെ ഭാര്യ മരിച്ചു. ആ മാസമാണ് ഏറ്റവും കൂടുതൽ ബില്ല് ഇവർക്ക് ലഭിച്ചത്.രണ്ടു മുറി വീട്ടിൽ ആകെയുള്ളത് മൂന്ന് സി എഫ് എൽ ബൾബുകൾ മാത്രം.
മറ്റ് യാതൊരുവിധ വൈദ്യുത ഉപകരണങ്ങളും ഇല്ലാത്ത ഇവിടെയാണ് അമിതമായ വൈദ്യുതി ബിൽ വന്നിരിക്കുന്നത്. ബില്ലടക്കാൻ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഇദ്ദേഹം.എന്നാൽ സുരക്ഷാ കാരണങ്ങളാലാണ് വൈദ്യുതി വിശ്ചേദിച്ചത് എന്നാണ് വൈദുതി വകുപ്പ് ഉപ്പുതറ സെക്ഷൻ് ഓഫീസിൻ്റെ വിശദീകരണം.പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥൻ ആദ്യം 7000 രൂപയാണ് ബിൽ തുകയെന്നും, പിന്നീട് 14000 രൂപയെന്നും , ബിൽ തുക ഗൂഗിൾ പേ വഴി അടക്കണമെന്നും ആവശ്യപ്പെട്ടു.സ്മാർട്ട് ഫോൺ ഇല്ലാത്ത ആഗസ്തി ഓൺലൈൻ സെൻ്ററിൽ എത്തിയപ്പോഴാണ് 34,165 രൂപ വൈദ്യുതി ബിൽ എന്നറിയുന്നത്.
അമിത ബിൽ തുക എങ്ങനെ വന്നുവെന്ന് വ്യക്തമായ മറുപടി പടിയാൻ കെ എസ് ഇ ബി അധികൃതർക്ക് ആയിട്ടില്ല.അമിതമായി വന്ന വൈദ്യുതി ബിൽ അടക്കാൻ നിവൃത്തിയില്ലായെന്ന് കാട്ടി 19.06.24 ൽ ആഗസ്തി കെ എസ് ഇ ബി യിൽ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധനക്ക് എത്തിയ സബ്ബ് എൻജിനീയർ വയറിംഗ് ഷോട്ട് മൂലം മീറ്റർ അധികമായി പ്രവർത്തിച്ചതിനാൽ വൈദ്യുതി ഉപയോഗം കൂടി എന്ന് കാട്ടി സ്പോട്ട് മഹസർ തയ്യാറാക്കി ഇവരെ കൊണ്ട് ഒപ്പിടുവിക്കുകയും ചെയ്തു.
അയൽക്കാരും പൊതു പ്രവർത്തകരും വയറിംഗ് പരിശോധിച്ചപ്പോൾ അപാകത കണ്ടില്ല.വയറിംഗ് അപാകതയുടെ പേരിൽ ഇവരെ കൊണ്ട് പുതിയ വയറിംഗ് നടത്തിച്ച്, അപാകത മൂലം അമിത ബിൽ വന്നു എന്ന ന്യായം പറഞ്ഞ് ബിൽ അടപ്പിക്കാനുള്ള ഉദ്യോഗസ്ഥരുടെ ഗൂഡ തന്ത്രമാണ് ഇതിന് പിന്നിൽ എന്നും നിർദ്ധനരും നിരാലംബരുമായ ആളുകളുടെ മേൽ കെ എസ് ഇ ബി കാട്ടുന്ന ഈ തട്ടിപ്പ് അവസാനിപ്പിക്കുകയും വർഷങ്ങളായി അടച്ചു വരുന്ന 200 രൂപയിൽ താഴെ വരുന്ന വൈദ്യുതി ബിൽ പുനസ്ഥാപിച്ച് നൽകണമെന്നുമാണ് ഈ കുടുംബത്തിൻ്റെയും നാട്ടുകാരുടെയും ആവശ്യം.