അനധികൃത ആനസവാരി കേന്ദ്രങ്ങളുടെ പ്രവർത്തനം കർശനമായി തടയും : ജില്ലാ കലക്ടർ
ഇടുക്കി വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അനധികൃത ആനസവാരി കേന്ദ്രങ്ങളുടെ പ്രവർത്തനം കർശനമായി തടയുമെന്ന് ജില്ലാ കലക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. ഇത്തരം കേന്ദ്രങ്ങളിൽ പരിശോധന നടത്തി കർശന നിയമ നടപടി സ്വീകരിക്കാൻ വനം വകുപ്പ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. അടിമാലിയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന "കേരള ഫാം" എന്ന സ്വകാര്യ ആനസവാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരണമടഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കലക്ടറുടെ അടിയന്തര നിർദേശം.
അനധികൃതമായി പ്രവർത്തിച്ചിരുന്ന അടിമാലിയിയിലെ കേന്ദ്രം അടച്ചുപൂട്ടിയിട്ടുണ്ട്. ആനയെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കോട്ടയം ജില്ലയിലേയ്ക്ക് മാറ്റുന്നതിന് ഉടമസ്ഥന് നിര്‍ദ്ദേശം നൽകി. ആന സവാരി കേന്ദ്രത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ അപകടങ്ങളും, ജീവഹാനികളും സംഭവിക്കുവാനുള്ള സാധ്യതകൾ കൂടുതലാണ് . ഈ സാഹചര്യത്തിൽ ജില്ലയില്‍ അനധികൃത കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നുള്ളത് തുടർച്ചയായി നിരീക്ഷിക്കുന്നതിനും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും നാട്ടാന പരിപാലന ചട്ടം അനുസരിച്ച് വനം വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട് .
ഒരു ആനയ്ക്ക് ലഭിച്ച ലൈസൻസിന്റെ മറവിൽ കൂടുതൽ ആനകളെ ഉപയോഗിക്കുന്നത് കർശനമായി തടയും. അനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷനില്ലാതെയും, യാതൊരു അനുമതികളില്ലാതെയും പ്രവർത്തിക്കുന്ന ആനസവാരികേന്ദ്രങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ പോലീസ് , വനം വകുപ്പ് അധികൃതരെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് കലക്ടർ അഭ്യർത്ഥിച്ചു.