ഇടുക്കി അടിമാലിയിലെ ആനസവാരി കേന്ദ്രത്തിലെ പാപ്പാനെ ആന ചവിട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു
ഇടുക്കി അടിമാലിയിലെ ആനസവാരി കേന്ദ്രത്തിലെ പാപ്പാനെ ആന ചവിട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. പെർഫോമിങ് ആനിമൽസ് ആക്ട് 2001 പ്രകാരവും വന്യജീവി സംരക്ഷണം നിയമപ്രകാരവും നടത്തിപ്പുകാർക്കെതിരെയും ഉടമയ്ക്കെതിരെയുമാണ് കേസെടുത്തത്. സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോയും നൽകി.
അടിമാലി കല്ലാറിലെ കേരള ഫാം സ്പൈസസിനോട് ചേർന്ന ആന സവാരി കേന്ദ്രത്തിലെ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ കാസർഗോഡ് നീലേശ്വരം സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്. സഞ്ചാരികളുമായി സവാരിക്ക് പുറപ്പെടുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ബാലകൃഷ്ണൻ മരിച്ചു.
തുടർന്നാണ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഇടുക്കി സോഷ്യൽ ഫോറസ്റ്ററി എസിഎഫിന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശം നൽകിയത്. ഇടുക്കി സോഷ്യൽ ഫോറസ്റ്റ് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധനകൾ നടത്തി.മുൻപും പലതവണ സ്റ്റോപ്പ് മെമ്മോകൾ നൽകിയിരുന്നെങ്കിലും ഇത് അവഗണിച്ചാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
ഇതോടെയാണ് നടത്തിപ്പുകാർക്കെതിരെയും ആനയുടെ ഉടമക്കെതിരെയും പെർഫോമിങ് ആനിമൽ ആക്ട് നിയമപ്രകാരം വനം വന്യജീവി വകുപ്പ് കേസുകൾ രജിസ്റ്റർ ചെയ്തത്. ആനയെ വനം വകുപ്പ് നിരീക്ഷണത്തിൽ കോട്ടയത്തെ ഉടമയുടെ സ്ഥലത്തേക്ക് മാറ്റും.