സി പി ഐ ഇടുക്കി ജില്ലാ കൗൺസിലിൽ മുഖ്യമന്ത്രിക്കും സിപിഎം - സി പി ഐ മന്ത്രിമാർക്കും വിമർശനം.രാജ്യത്ത് ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഐ എന്തിന് എൽ ഡി എഫിൽ തുടരണം എന്നും ചോദ്യം

സി പി ഐ ഇടുക്കി ജില്ല കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.സിപിഐയുടെ നാല് മന്ത്രിമാരും പരാജയമാണ്. ധന വകുപ്പിൽ നിന്ന് ആവശ്യമായ പണം വാങ്ങിയെടുക്കാൻ പോലും മന്ത്രിമാർക്ക് കഴിഞ്ഞില്ല.ഇടുക്കിയിലെ തിരിഞ്ഞെടുപ്പ് പരാജയത്തിന് ഒരു കാരണം ഭൂ പ്രശ്നങ്ങളാണ്. റവന്യൂ വകുപ്പ് ഭരിക്കുന്ന സി പി ഐയുടെ മന്ത്രി കെ രാജനെതിരെയും ഇക്കാര്യത്തിൽ വിമർശനം ഉണ്ടായി.
കേരള കോൺഗ്രസ് വന്നതു കൊണ്ട് ഒരു ഗുണവുമുണ്ടായില്ല. മന്ത്രി റോഷി അഗസ്റ്റിൻ്റെ മണ്ഡലത്തിൽ പോലും യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് വലിയ ഭൂരിപക്ഷം നേടി. കേരള കോൺഗ്രസിന് സി പി എം അമിത പ്രാധാന്യമാണ് നൽകിയത്.പാല ഉപതെരഞ്ഞെടുപ്പിൽ പോലും പരാജയപ്പെട്ടതാണ് കേരള കോൺഗ്രസ്.
എന്നിട്ടും സിപിഎം കേരള കോൺഗ്രസിൽ വലിയ പ്രതീക്ഷ വച്ചു പുലർത്തി. സിപിഐ മന്ത്രിമാരും എം പി മാരും ഭരണ കാര്യത്തിൽ മുഖ്യമന്ത്രിക്ക് എതിരെ മിണ്ടുന്നില്ല. രാജ്യത്ത് ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഐ എന്തിന് എൽ ഡി എഫിൽ തുടരണം എന്നും ചോദ്യം ഉണ്ടായി.രാജ്യസഭാ സീറ്റ് പി പി സുനീറിന് നൽകിയതിനെതിരെയും വിമർശനം ഉയർന്നു. ആനി രാജക്ക് അവസരം നൽകണമായിരുന്നുവെന്ന് ചിലർ അഭിപ്രായപ്പെട്ടു.