പീരുമേട് താലൂക്കിലെ എസ്റ്റേറ്റ് ലയങ്ങൾ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഡോ: ഗിന്നസ് മാടസ്വാമി കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് സമർപ്പിച്ച നിവേദനത്തിൽ സംസ്ഥാന തൊഴിൽ വകുപ്പി നോടും ലേബർ കമ്മീഷണറോടും കേന്ദ്ര തൊഴിൽ മന്ത്രാലയം റിപ്പോർർട്ട് ആവശ്യപ്പെട്ടു

പീരുമേട് താലൂക്കിലെ പൂട്ടിക്കിടക്കുന്നതും നിലവിൽ പ്രവർത്തിക്കുന്നതുമായ തേയില തോട്ടങ്ങളിലെ തകർന്ന് വീഴാറായതും ചോർന്നൊലിക്കുന്നതുമായ എസ്റ്റേറ്റ് ലയങ്ങളിൽ താമസക്കാരായ തൊഴിലാളികളുടെ ദുരിത ജീവിതം കണക്കിലെടുത്താണ് അന്താരാഷ്ട്ര സമാധാന സംഘടനാംഗവും മനുഷ്യാവകാശ പ്രവർത്തകനുമായ ഡോ: ഗിന്നസ് മാടസ്വാമി ലയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നിവേദനം സമർപ്പിച്ചിരുന്നത്.
ഈ നിവേദന പ്രകാരം ലയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്കാവശ്യമായ നടപടികൾഎത്രയും വേഗം പരിഹരിച്ച് റിപ്പോർട്ട് നൽകുവാനാണ് സംസ്ഥാന തൊഴിൽ വകുപ്പ് സെക്രട്ടറി . ലേബർ കമ്മീഷണർ എന്നിവർക്ക് നിർദേശം നൽകിയിരിക്കുന്നത്.
കാലവർഷമാരംഭിച്ചതോടെ ഏതുനിമിഷവും തകർന്ന വീഴാറായതും ചോർന്നൊലിക്കുന്നതുമായ എസ്റ്റേറ്റ് ലയങ്ങളിലെ തൊഴിലാളികളുടെ ജീവിതം ദുരിത പൂർണ്ണമായ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും നിയമസഭ പെറ്റീഷൻ കമ്മറ്റിക്കും ഡോക്ടർ ഗിന്നസ് മാടസ്വാമി നിവേദനം സമർപ്പിച്ചിരുന്നു.
എന്നാൽ ഇതിൽ സ്പെഷ്യൽ പ്ലാന്റേഷൻ ഓഫീസറുടെ മറുപടി മാത്രമാണ് ലഭിച്ചിരുന്നത്. ഈ വിഷയത്തിൽ കേന്ദ്ര ഇടപെടൽ ഉണ്ടായതോടുകൂടി എസ്റ്റേറ്റ് ലയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ സാധിക്കും എന്ന പ്രതീക്ഷയാണ് ഉള്ളതെന്നും ഡോക്ടർ ഗിന്നസ് മാടസ്വാമി അറിയിച്ചു.