സർക്കാർ സ്കൂളിലെ കുട്ടികളെ മാനേജ്മെന്റ് സ്കൂളിലേക്ക് അനധികൃതമായി മാറ്റിയ സംഭവം,പിടിഎയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകി

ഇരട്ടയാർ ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സർക്കാർ സ്കൂളിലെ കുട്ടികളെ സ്കൂളിന്റെ അറിവോടെയല്ലാതെ മാനേജ്മെന്റ് സ്കൂളിലേക്ക് മാറ്റിയ സംഭവത്തിൽ സ്കൂൾ പിടിഎ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകി. ക്രമക്കേട് കണ്ടെത്തി ആഴ്ചകൾ പിന്നിട്ടും ഡിഇ ഓഫീസിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടി വൈകുന്നതിൽ ആശങ്ക അറിയിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
വിദ്യാർത്ഥികളുടെ സമഗ്ര വിവരങ്ങളടങ്ങിയ 'സമ്പൂർണ്ണ' എന്ന സർക്കാർ ഓൺലൈൻ സംവിധാനത്തിൽ കയറി കുട്ടികളുടെ വിവരങ്ങൾ മായ്ച്ചു കളഞ്ഞാണ് ഉദ്യോഗസ്ഥർ മാനേജ്മെന്റ് സ്കൂളിനെ സഹായിച്ചത് എന്നാണ് ആരോപണം.രക്ഷിതാക്കൾ അറിയാതെയും കുട്ടികളുടെ ടി.സിക്കായി ഓൺലൈൻ അപേക്ഷയും നൽകിയിരുന്നു.
സ്കൂളിൽ നിന്നാണ് സാധാരണ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകുന്നത്.എന്നാൽ സ്കൂൾ അധികൃതർ അറിയാതെ സമ്പൂർണ്ണയിൽ നിന്ന് കുട്ടികളുടെ മുഴുവൻ വിവരങ്ങളും മായ്ച്ചു കളയുകയായിരുന്നു.സ്വകാര്യ മാനേജ്മെൻറ് സ്കൂളുകളുടെ ഡിവിഷൻ നഷ്ടപ്പെടാതിരിക്കാനും പുതിയ ഡിവിഷനുകൾ അനുവദിപ്പിക്കാനുമുള്ള ശ്രമത്തിൻ്റെ ഭാഗമാണിതെന്നും ആക്ഷേപമുണ്ട്.