വ്യാപാരി സമിതി ജില്ലാ പ്രവർത്തക കൺവൻഷൻ കട്ടപ്പനയിൽ 13-ാം തിയതി സംഘടിപ്പിക്കുന്നു

സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ നേതൃത്വ പ്രവർത്തക കൺവൻഷൻ വ്യാഴാഴ്‌ച രാവിലെ 11 ന് കട്ടപ്പന ഗ്രീൻവാലി ലയൺസ് ക്‌ളബ് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിൽ സംഘടനയുടെ നേതൃനിരയിൽ ഉൾപ്പെടുന്ന 250 പേർ പങ്കെടുക്കുന്ന കൺവൻഷൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. വ്യാപാരി വ്യവസായി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
കോർപ്പറേറ്റ്‌വത്‌കരണ സാമ്പത്തിക നയങ്ങൾ കേന്ദ്ര സർക്കാർ തുടരുന്നതുമൂലം വ്യാപാര മേഖല നേരിടുന്ന ബഹുമുഖ്യപ്രശ്‌നങ്ങൾ കൺവെൻഷനിൽ വിവിധ പ്രമേയങ്ങളായി ചർച്ചചെയ്യും. ഓൺലൈൻ വ്യാപാരം,ചില്ലറ വ്യാപാരമേഖലയിലേക്കുള വൻകിടകുത്തകകളുടെ കടന്നുവരവ്, വിദേശമൂലധന ശക്തികളുടെ വ്യാപാര മേഖലയിലെ ഇടപെടൽ, വാടക നിയന്ത്രണ സംവിധാനത്തിൻ്റെ ആവശ്യകത, ഇടനിലക്കാരുടെ ചൂഷണം, വ്യാപാര അനുബന്ധ വിഷയങ്ങളിൽ കൺവൻഷനിൽ ആഴത്തിലുള്ള ചർച്ചകൾ നടത്തും.
2023 ജില്ലാ സമ്മേളനം അംഗീകരിച്ച പതിനായിരം മെമ്പർഷിപ്പ് എന്ന ലക്ഷ്യം ജില്ലയിൽ ഉടൻ യാഥാർത്ഥ്യമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.വ്യാപാര മേഖല അഭിമുഖീകരിക്കുന്ന പൊതുവിഷയങ്ങൾക്കൊപ്പം പ്രാദേശികമായി നേരിടുന്ന പ്രതിസന്ധികളും കൺവൻഷനിൽ ചർച്ചചെയ്യും. 2023 -2024 അദ്ധ്യായന വർഷം വ്യാപാരി വ്യവസായി സമിതി അംഗങ്ങളും കുടുംബാംഗങ്ങളിൽ നിന്ന് എസ്.എസ്.എൽ.സി പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ കൺവൻഷനിൽ ആദരിക്കും.
സംസ്ഥാന നാടക രചന അവാർഡ് ജേതാവ് കെ.ഇ ജോർജിനെ ജില്ലാ കൺവൻഷൻ പ്രത്യേകമായ സ്വീകരണം നൽകി അനുമോദിക്കും. കട്ടപ്പനയിലെ 25 വ്യാപാരികൾക്ക് സംസ്ഥാന സെക്രട്ടറി പുതിയ അംഗത്വം നൽകും. ജില്ലാ പ്രസിഡൻ്റ് റോജിപോൾ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.പുരോഗമന പ്രസ്ഥാനത്തിൻ്റെ ജില്ലാ നേതാക്കൾ കൺവൻഷനിൽ അഭിവാദ്യപ്രസംഗങ്ങൾ നടത്തും.
വ്യാപാര സമൂഹത്തിന്റെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് പരിഹാരം കാണുന്ന വ്യാപാര മേഖലയുടെ ശക്തിയും പ്രതീക്ഷയുമായി മാറികഴിഞ്ഞ സമിതിയുടെ തുടർപ്രവർത്തനങ്ങൾക്ക് ഊർജ്ജവും കരുത്തും പകരുന്നതാകും ജില്ലാ പ്രവർത്തക കൺവൻഷനെന്ന് ഭാരവാഹികൾ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ ഭാരവാഹികളായ നൗഷാദ് ആലുമൂട്ടിൽ, മജീഷ് ജേക്കബ്, ഷിനോജ് വിവാസ്,വി എ അൻസാരി, ധനേഷ് കുമാർ എന്നിവർ പങ്കെടുത്തു.