ഇടുക്കി ഉദയഗിരിയിൽ കാൽനട യാത്രക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

ഇടുക്കി ഉദയഗിരിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. പള്ളിയിലെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ പോയ ഉദയഗിരി സ്വദേശിനിയായ യുവതിയെ ജാർഖണ്ഡ് സ്വദേശിയായ ബെഞ്ചമിൻ ബെസ്ക്കി പിന്നിൽ നിന്നും കടന്നു പിടിക്കുകയായിരുന്നു. വെട്ടിച്ചു മാറാൻ ശ്രമിച്ച യുവതിയുടെ തലമുടിയിൽ പിടിച്ച് വലിച്ചു നിർത്തിയ ശേഷം ഇയാൾ ആക്രമിക്കാൻ തുടങ്ങി.
തള്ളി മാറ്റിയശേഷം യുവതി സമീപത്തെ വീട്ടിലേക്ക് ഓടി കയറി. ഇതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തോപ്രാംകുടിക്ക് സമീപം പെരുന്തൊട്ടിയിലെ ലേബർ ക്യാമ്പിൽ എത്തിയ ഇയാളെ മുരിക്കാശ്ശേരി പോലീസിൽ എത്തി പിടികൂടുകയായിരുന്നു. കഴിഞ്ഞ ഏഴ് വർഷക്കാലമായി ഇയാൾ ഇവിടെ താമസിച്ച് സമീപത്തെ കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ഭാര്യ ഒപ്പമുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പിന് ഇരുവരും നാട്ടിൽ പോയ ശേഷം തിരികെ ഇയാൾ മാത്രമാണ് എത്തിയത്.
മുരിക്കാശ്ശേരി സബ് ഇൻസ്പെക്ടർ കെ ഡി മണിയൻ്റെ നേതൃത്വത്തിൽ എ എസ് ഐ മാരായ ജോഷി മാത്യു, വർഗീസ്, ചന്ദ്രൻ, അൻവർ, സിവിൽ പോലീസ് ഓഫീസർമാരായ പ്രിൻസ്, ജോബിൻ, സംഗീത എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു.