വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശപ്രകാരം കട്ടപ്പന നഗരസഭയിൽ സർവ്വകക്ഷി യോഗം ചേർന്നു

സംസ്ഥാനത്തെ, ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന 49 വാർഡുകൾ ഉൾപ്പെടെ, മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും വാർഡ് അടിസ്ഥാനത്തിലുള്ള വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ 2024 ജൂൺ മാസത്തിൽ നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരിക്കുകയാണ് . 2024 ജനുവരി 1 യോഗ്യത തീയതിയായി നിശ്ചയിച്ചാണ് ഇപ്രകാരം വോട്ടർ പട്ടിക പുതുക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയുടെ സംക്ഷിപ്‌ത പുതുക്കൽ, 2024 - ഉപതിരഞ്ഞെടുപ്പ് നടക്കുന്നവ ഉൾപ്പെടെയുള്ള വാർഡുകളിൽ വോട്ടർപട്ടിക പുതുക്കുന്നത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശങ്ങൾ വിശദീകരിക്കുന്നതിനാണ് കട്ടപ്പന നഗരസഭയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സർവ്വകക്ഷി യോഗം ചേർന്നത്. നാളെയാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
ഒഴിവാക്കലുകൾ ഉൾപ്പെടെ7 ദിവസത്തിനുള്ളിൽ ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കിൽ നല്കാവുന്നതാണ്.6 മുതൽ 21 വരെ പുതുതായി പേരു ചേർക്കൽ ,തിരുത്തലുകൾ എന്നിവ ഓൺലൈനായി ചെയ്യാം. 29നകം ഹിയറിംഗ് പൂർത്തീകരിച്ച് ജൂലൈ 1ന് സംക്ഷിപ്ത വോട്ടർ പട്ടിക പൂർത്തീകരിക്കുവാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്ദേശിക്കുന്നത്.
നഗരസഭ ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ബീന ടോമി, വൈസ് ചെയർമാൻ കെ.ജെ. ബെന്നി, ഷാജി കൂത്തോടി, സിജു ചക്കുംമൂട്ടിൽ, പി.എൻ പ്രസാദ്, ജോയി ആനിത്തോട്ടം, സി.ആർ.മുരളി, രാജൻകുട്ടി മുതുകുളം തുടങ്ങിയവർ പങ്കെടുത്തു