ഇടുക്കി അടിമാലിയിൽ കുടുംബത്തിന് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം
ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് ഇരുമ്പുപാലത്ത് തേയില ലോഡുമായി എത്തിയ ലോറി റോഡിൽ നിന്നും 20 അടി താഴ്ചയിലേക്ക് മറിഞ്ഞുള്ള അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ഡ്രൈവറെ സമീപവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ ഞായറാഴ്ച പകൽ പത്തുമണിയോടെ ഇരുമ്പുപാലം പുളിഞ്ചോട്ടിൽ ബേസിലിന്റെ വീട്ടിലെത്തിയ ഒരു സംഘം ആളുകൾ ബേസിൽ ലോറിയിൽ ഉണ്ടായിരുന്ന പണം അപഹരിച്ചതായി പറഞ്ഞു ബേസിലിനെ മാരകമായി മർദ്ദിച്ചു.
ഭർത്താവിനെ മർദ്ദിക്കുന്നത് തടയാൻ എത്തിയ ഭാര്യയും മാതാവിനെയും സ്ത്രീകൾ ഉൾപ്പെടെയുണ്ടായിരുന്ന സംഘം ആക്രമിച്ചു. മാതാവിനെ തല്ലുന്നത് തടയാൻ എത്തിയ 16 വയസ്സുകാരിയെയും ശാരീരികമായി ഉപദ്രവിക്കുകയും വസ്ത്രം വലിച്ചുകീറുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു. കുടുംബം ആശുപത്രിയിൽ എത്തി മണിക്കൂറുകൾ പിന്നീട് ശേഷമാണ് ചികിത്സ നൽകാൻ ഉൾപ്പെടെ ആശുപത്രിയിൽ അധികൃതരും ഇടപെട്ടത്.
പോലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. ഉന്നത രാഷ്ട്രീയ ബന്ധമാണ് പോലീസ് കേസെടുക്കാത്തത് എന്നാണ് കുടുംബത്തിന്റെ ആരോപണം. മർദ്ദനത്തിനുശേഷം വാഹനത്തിൽ വീണ്ടും സംഘങ്ങൾ എത്തിയിരുന്നതായും എന്നാൽ പ്രദേശവാസികൾ എത്തിയതിനാൽ കൂടുതൽ അക്രമം നടന്നില്ലെന്നും ആണ് സമീപാസികളും പറയുന്നത്.






