മമ്മൂട്ടിയ്ക്ക് ജയ് വിളിയ്ക്കാനും കൊന്ത നൂൽക്കാനും ഇനി മേരിയമ്മച്ചിയില്ല

നൂറാം വയസിലും കൊന്ത നിർമിച്ചും വാർധക്യ കാലത്തും മമ്മൂട്ടി ചിത്രങ്ങൾ തീയേറ്ററിൽ പോയിക്കണ്ട് നാട്ടുകാർക്കിടയിൽ താരമായ തങ്കമണി നെല്ലിപ്പാറ മണിയമ്പ്രായിൽ മേരിയെന്ന് അമ്മച്ചി(101) അന്തരിച്ചു. മമ്മൂട്ടി ചിത്രങ്ങൾ എല്ലാം തന്നെ ടി.വി.യിലും തിയേറ്ററിലും വാർധക്യ കാലത്തും കണ്ട അമ്മച്ചി നാട്ടുകാർക്ക് ഒരു അത്ഭുതമായിരുന്നു.
വെറുതേയിരിക്കാൻ താത്പര്യമില്ലാത്ത അമ്മച്ചി 95-ാം വയസിൽ കൊന്ത നിർമിയ്ക്കാൻ തുടങ്ങിയതോടെ സംഭവം മാധ്യമ ശ്രദ്ധ നേടി. ദിവസം അഞ്ച് കൊന്ത വരെ നിർമിയ്ക്കുമായിരുന്നു. അമ്മച്ചിയുടെ കൊന്ത നിർമാണം ഹൈറേഞ്ചിലെ പ്രാദേശിക മാധ്യമങ്ങളും പത്രങ്ങളും ഏറ്റെടുത്തതോടെ വീട്ടിൽ സന്ദർശകരുടെ തിരക്കായി.
തങ്കമണി നെല്ലിപ്പാറ മണിയമ്പ്രായിൽ പരേതനായ കൊച്ചേട്ടന്റെ ഭാര്യയാണ് അമ്മച്ചിയെന്ന് അറിയപ്പെടുന്ന മേരി. ഇവരുടെ 11 മക്കളിൽ എട്ടു പേരാണ് ഇനി അവശേഷിക്കുന്നത്. വാർധക്യ സഹജമായ അസുഖങ്ങൾ കഴിഞ്ഞ ഏതാനും നാളുകളായി അലട്ടിയിരുന്നു. മക്കളും കൊച്ചുമക്കളുമൊക്കെയായി 47 പേരാണ് അമ്മച്ചിയ്ക്കുള്ളത്.