ഇടുക്കിയിൽ രണ്ട് കേസുകളിലായി എക്സൈസ് സംഘം 14 കിലോ കഞ്ചാവ് പിടികൂടി

ഇടുക്കിയിൽ രണ്ട് കേസുകളിലായി എക്സൈസ് സംഘം 14 കിലോ കഞ്ചാവ് പിടികൂടി. ചേലച്ചുവട് ടൗണിലൂടെ കാറിൽ കടത്താൻ ശ്രമിച്ച ആറ് കിലോ കഞ്ചാവും ഇടുക്കി ഗാന്ധിനഗർ കോളനിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 8.5 കിലോ കഞ്ചാവുമാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.
ഇടുക്കി ചേലച്ചുവടിൽ ആറ് കിലോ കഞ്ചാവ് കാറിൽ കടത്താൻ ശ്രമിച്ച തങ്കമണി പുഷ്പഗിരി കലയത്തുങ്കൽ 53 വയസുള്ള സാബുവിനെ ഇടുക്കി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇടുക്കി ഗാന്ധിനഗറിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന എട്ടര കിലോ കഞ്ചാവ് കണ്ടെടുത്ത കേസിൽ ഗാന്ധിനഗർ കാരക്കാട്ട് പുത്തൻവീട്ടിൽ 36 വയസുള്ള അനീഷിനയും ഇടുക്കി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് ഡയറക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.
വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ വിതരണം ചെയ്യുന്നതിനായാണ് പദ്ധതിയിട്ടത്. ഇതിനാവശ്യമായ പ്ലാസ്റ്റിക് കവറുകളും വീട്ടിൽ നിന്നും കണ്ടെടുത്തു. ഇത് സംബന്ധിച്ച് മറ്റു കൂടുതൽ പ്രതികൾ ഉണ്ടോ എന്ന് അധികൃതർ അന്വേഷിച്ചു വരികയാണ്'. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. ചേലച്ചുവടിൽ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തു.