കാഞ്ചിയാറിൽ മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ

കാഞ്ചിയാർ ലബ്ബക്കട ഭാഗത്താണ് സംരക്ഷണഭിത്തി നിർമ്മിക്കാത്ത ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. മാസങ്ങൾക്ക് മുമ്പേ മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെങ്കിലും പലയിടത്തും ഇനിയും സംരക്ഷണ ഭിത്തിയുടെ നിർമ്മാണവും കലുങ്ക് നിർമ്മാണവും പൂർത്തിയായിട്ടില്ല. മഴ ശക്തമായാൽ വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത കൂടുതലാണ്.
ആദ്യഘട്ടത്തിൽ പണികൾ അതിവേഗം മുന്നേറിയെങ്കിലും പിന്നീട് പലയിടത്തും നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആവുകയായിരുന്നു. കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളിൽ പോലും മുൻകൂട്ടി സംരക്ഷണഭിത്തിയുടെ നിർമ്മാണം പൂർത്തിയാക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് ഉയരുന്ന ആക്ഷേപം.