ഇരട്ടയാറ്റിലെ 18 കാരിയുടെ മരണം ശ്വാസംമുട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ഇരട്ടയാറ്റിലെ 18 കാരിയുടെ മരണം ശ്വാസംമുട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. ആത്മഹത്യയാണന്നാണ് ആദ്യ അന്വേഷണത്തിൽ വ്യക്തമാവുന്നത്. കൊലപാതക സാധ്യതയും തള്ളാതെയുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് 18 കാരിയെ ഇരട്ടയാറ്റിലെ കിടപ്പ് മുറിയിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് സ്ഥലത്ത് എത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
ടീ ഷർട്ടും ഇറുകിയ പാൻ്റുമണിഞ്ഞ് കഴുത്തിൽ ബൽറ്റ് ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ ബെൽറ്റ് ചുറ്റിയ നിലയിൽ കണ്ടത് സംശത്തിനിട നൽകി. ആരെങ്കിലും ബൽറ്റ് മുറുക്കിയതാണോ സ്വയം ബൽറ്റ് മുറിക്കി മരിച്ചതാണോ എന്നതാണ് അന്വേഷിക്കുന്നത്. ഈ രണ്ട് സാധ്യതയും തള്ളിക്കളയാതെയുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബല പ്രയോഗം നടന്നതിൻ്റെ ലക്ഷണങ്ങളില്ല. ഫോൺ മെസേജുകൾ പരിശോധിച്ചതിൽ നിന്നും ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
18 കാരിയെ കൂടാതെ അച്ഛനും അമ്മയും സഹോദരനുമാണ് വീട്ടിലുണ്ടായിരുന്നെങ്കിലും രാവിലെയാണ് ഇവർ 18 കാരി മരിച്ച വിവരം അറിയുന്നത്. ഇതും പോലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരിച്ചതെന്നു മാത്രമാണ് തെളിഞ്ഞത് . സ്വയം ചെയ്തതാണോ മറ്റാരെങ്കിലും ചെയ്തതാണോയെന്നറിയാൻ ശാസ്ത്രീയ പരിശോധനയുടെ ഫലം ലഭിക്കണം. എങ്കിലും ബന്ധുക്കളെയും സുഹൃത്തുക്കളെയും മുൻ കാല സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്ത് വരുകയാണ്.
കട്ടപ്പന ഡിവൈഎസ് പി ബേബി പി വി, സി ഐ സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.