വണ്ടിപ്പെരിയാർ ശ്രീധർമ്മശാസ്താ ക്ഷേത്രം വക കാണിക്കവഞ്ചിയിൽ മോഷണ ശ്രമം
വണ്ടിപ്പെരിയാർ ശ്രീധർമ്മശാസ്താ ക്ഷേത്രം വക കാണിക്കവഞ്ചിയിൽ മോഷണ ശ്രമം. പട്ടാപകൽ നടന്ന മോഷണ ശ്രമത്തിൽ കാണിക്കവഞ്ചിയിൽ ഉണ്ടായിരുന്ന പണം അപഹരിക്കാതെ മോഷ്ടാവ് കടന്നു കളഞ്ഞു. മ്ലാമല തേങ്ങാക്കൽ റോഡിൽ സ്ഥിതി ചെയ്യുന്ന ശ്രീ ധർമ്മശാസ്താ ക്ഷേത്രം വക കാണിക്കവഞ്ചിയിലാണ് മോഷണ ശ്രമം നടന്നത്. ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്നും ജാക്കി ലിവറും കോൺക്രീറ്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കമ്പിയും മോഷണത്തിന് ഉപയോഗിച്ചതായി കണ്ടെത്തി. കാണിക്കവഞ്ചിയുടെ രണ്ട് പൂട്ടുകളും തകർത്ത നിലയിലായിരുന്നു.
ക്ഷേത്രം കമ്മറ്റി ഭാരവാഹികൾ വണ്ടിപ്പെരിയാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പണം നഷ്ടപ്പെട്ടിട്ടില്ലാ എന്ന് കണ്ടെത്തി. പകൽ സമയമായതിനാൽ റോഡിൽ ആൾ സാന്നിധ്യം ഉണ്ടായതാകാം മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്നാണ് നിഗമനം. മഴക്കാലമാരംഭിച്ചതോടെ മോഷണങ്ങൾ പതിവാകുന്ന സാഹചര്യം കണക്കിലെടുത്ത് പ്രദേശത്തെ മുഴുവൻ ആരാധനാലയങ്ങൾക്കും പോലീസ് ജാഗ്രത നിർദേശം നൽകി.