പീരുമേട്ടിലെ തോട്ടം തൊഴില്‍ തര്‍ക്കത്തിന് പരിഹാരം; ഡിസംബര്‍ 3 മുതല്‍ തോട്ടങ്ങള്‍ തുറക്കും
പീരുമേട് താലൂക്കില്‍ പോബ്‌സ് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഏഴ് തോട്ടങ്ങളിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. പീരുമേട് എം.എല്‍.എ അഡ്വ. സിറിയക് തോമസിന്റെ സാന്നിധ്യത്തില്‍ കോട്ടയം ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സിന്റെ കാര്യാലയത്തില്‍ ചേര്‍ന്ന അനുരഞ്ജന ചര്‍ച്ചയിലാണ് തര്‍ക്കവിഷയങ്ങള്‍ ഒത്തുതീര്‍പ്പിലായത്. ഇതോടെ തോട്ടങ്ങളില്‍ നിലനിന്നിരുന്ന ലോക്കൗട്ട് പിന്‍വലിക്കാനും ഡിസംബര്‍ മൂന്ന് മുതല്‍ തോട്ടങ്ങള്‍ പൂര്‍ണ്ണതോതില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനും തീരുമാനമായി.
ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പ്രകാരം തൊഴിലാളികള്‍ക്ക് നല്‍കാനുള്ള 2025 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ കുടിശ്ശിക വേതനം 2026 ഡിസംബര്‍ രണ്ടിന് മുമ്പായി വിതരണം ചെയ്യും. കുടിശ്ശിക നല്‍കുന്നതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ തോട്ടങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനരാരംഭിക്കും. തോട്ടം തുറക്കുന്ന തീയതി മുതല്‍ വേതനം കൃത്യമായി നല്‍കുമെന്നും, കുടിശ്ശിക അതാത് മാസത്തെ വേതനത്തോടൊപ്പം വിതരണം ചെയ്യുമെന്നും മാനേജ്മെന്റ് ഉറപ്പുനല്‍കിയിട്ടുണ്ട്.
2025-26 സാമ്പത്തിക വര്‍ഷത്തെ ബോണസ് ഡിസംബറില്‍ ക്രിസ്മസിന് മുമ്പായി നല്‍കാനും തീരുമാനമായി. ബാക്കിയുള്ള കുടിശ്ശിക വേതനം സംബന്ധിച്ച തുടര്‍ചര്‍ച്ചകള്‍ 2027 ഫെബ്രുവരി ആദ്യവാരം നടക്കും. തോട്ടം തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ആവശ്യമായ തൊഴിലാളികളെ പൂര്‍ണമായി ജോലിക്ക് എത്തിക്കാമെന്ന് യൂണിയനുകള്‍ സമ്മതിച്ചു. തൊഴിലാളികളുടെ കുറവുണ്ടായാല്‍ പകരം ആളുകളെ നിയമിക്കാന്‍ മാനേജ്‌മെന്റിന് അനുമതിയുണ്ടായിരിക്കും. ഫാക്ടറിയിലെ ആഴ്ച അവധി തിങ്കളാഴ്ചയാക്കാനും ഞായറാഴ്ചകളില്‍ ഫാക്ടറി പ്രവര്‍ത്തിപ്പിക്കാനും ധാരണയായി.
തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടാത്ത രീതിയില്‍ തോട്ടത്തില്‍ യന്ത്രവത്കരണം നടപ്പിലാക്കുന്നതിനും അതിനുള്ള ഇന്‍സെന്റീവ് സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനും ഇരുകക്ഷികളും സമ്മതിച്ചു. മരണവുമായി ബന്ധപ്പെട്ട മറ്റ് തോട്ടങ്ങളിലെ കീഴ്വഴക്കങ്ങള്‍ ഫെബ്രുവരിയിലെ ചര്‍ച്ചയില്‍ തീരുമാനിക്കാനും, അനധികൃത ലയം കയ്യേറ്റം, ഹാജരില്ലായ്മ എന്നിവയില്‍ മാനേജ്മെന്റിന് നിയമപരമായ നടപടികള്‍ സ്വീകരിക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്.
എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ സുരേഷ് കുമാര്‍ ഡി, കോട്ടയം ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ശങ്കര്‍ പി.ആര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ശിവപ്രസാദ് ഡി, പ്രദീപ് കുമാര്‍, സുരേഷ് പി വര്‍ഗ്ഗീസ്, അഡ്വ. ഷോണ്‍ എബ്രഹാം, ജോസഫ് കെ.ഡി എന്നിവരും, ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് ഷാജി പൈനാടത്ത്, പി.കെ രാജന്‍ (ഐ.എന്‍.ടി.യു.സി), എസ് ബാബു, ആര്‍ തിലകന്‍, എം തങ്കദുരൈ (സി.ഐ.ടി.യു), കെ.എം മുഹമ്മദ് അലി (പി.ടി.ടി യൂണിയന്‍), എ.എം ചന്ദ്രന്‍, ആര്‍ വിനോദ് (എ.ഐ.ടി.യു.സി), പി ഭുവനേന്ദ്രന്‍ (ബി.എം.എസ്) എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്ത് കരാറില്‍ ഒപ്പുവെച്ചു.



