76.72 ഗ്രാം എംഡിഎംഎയും 2.53 ഗ്രാം കഞ്ചാവുമായി യുവാവ് കാഞ്ഞാര്‍ പൊലീസിന്റെ പിടിയില്‍
76.72 ഗ്രാം എംഡിഎംഎയും 2.53 ഗ്രാം കഞ്ചാവുമായി യുവാവ് കാഞ്ഞാര്‍ പോലീസിന്റെ പിടിയില്‍. പത്തനംതിട്ട റാന്നി മുത്താണിപറമ്പില്‍ അംജത് അസീസ് (22) ആണ് കാഞ്ഞാര്‍ പോലീസിന്റെ പിടിയിലായത്. കാഞ്ഞാര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ വിഷ്ണു വി.വി, അബ്ദുള്‍ ഖാദര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷാജിത്, റനീഫ് എന്നിവര്‍ അറക്കുളം ഭാഗത്ത് നടത്തിയ പരിശോധനയില്‍ പ്രതി വില്‍പ്പന നടത്തുന്നതിനായി കൈവശം കരുതിയിരുന്ന സിപ്പ് കവര്‍ ഉള്‍പ്പെടെ 2.53 ഗ്രാം കഞ്ചാവും, 2 സിപ്പ് കവറുകളിലായി സൂക്ഷിച്ചിരുന്ന 76.72 ഗ്രാം എംഡിഎംഎയും, ഇവ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള ഉപകരണങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് ലഹരിയുടെ ഒഴുക്ക് പൂര്‍ണ്ണമായും തടയുന്നതിനും, കുട്ടികളെയും, യുവജനങ്ങളേയും ലഹരിയുടെ കെണിയില്‍ വീഴ്ത്തുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ എത്തിക്കുന്നതിനും പൊതുജനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും പൊലീസ് പറഞ്ഞു. ജില്ലയില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ തൂഫാന്‍ കണ്‍ട്രോള്‍ റൂം നമ്പരായ 9497932508ല്‍ അറിയിക്കണമെന്നും ഇത്തരം സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും പൊലീസ് അറിയിച്ചു.

