ഇരട്ടയാറിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ ബൈക്ക് ഇടിച്ചുവീഴ്ത്തിയെന്ന കേസിൽ യുവാക്കൾക്കെതിരെ കേസെടുത്ത സംഭവം ; കട്ടപ്പന എസ്.ഐ.യ്ക്കും സി.പി.ഒ.യ്ക്കും സ്ഥലമാറ്റം

ഇരട്ടയാറിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ ബൈക്ക് ഇടിപ്പിച്ച് വീഴ്ത്തിയെന്ന കേസിൽ യുവാക്കൾക്കെതിരെ കേസെടുത്ത സംഭവം, കട്ടപ്പന എസ്.ഐ.യ്ക്കും സി.പി.ഒ.യ്ക്കും സ്ഥലമാറ്റം.കള്ളക്കേസാണെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിന്റെ വീട്ടുകാർ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന പോലീസ് മേധാവിയ്ക്കും നൽകിയ പരാതിയിലാണ് നടപടി. ഏപ്രിൽ 25 ന് ഇരട്ടയാറിൽ വാഹന പരിശോധനയ്ക്കിടെ കട്ടപ്പന സ്റ്റേഷനിലെ സി.പി.ഒ. മനു പി. ജോസിന് പരിക്കേറ്റിരുന്നു.
പ്രായപൂർത്തിയാകാത്ത രണ്ടു യുവാക്കളും പുളിയൻമല മടുക്കോലിപ്പറമ്പിൽ ആസിഫ് എന്ന യുവാവും ചേർന്ന് വാഹനമിടിപ്പിച്ചാണ് പരിക്കേൽപ്പിച്ചത് എന്ന പേരിൽ പോലീസ് മൂവർക്കുമെതിരെ കേസെടുത്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത യുവാക്കളെ പോലീസ് വിട്ടയക്കുകയും ആസിഫിനെ റിമാൻഡ് ചെയ്യുകയുമുണ്ടായി. എന്നാൽ ബൈക്കിടിച്ച സമയത്ത് ആസിഫ് സ്ഥലത്ത് ഇല്ലായിരുന്നുവെന്നും , സംഭവ ശേഷം സുഹൃത്തുക്കളെ അന്വേഷിച്ച് എത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നുമാണ് യുവാവിന്റെ കുടുംബത്തിൻ്റെ ആരോപണം.
യുവാവിന് പോലീസ് സ്റ്റേഷനിൽവെച്ച് മർദ്ദനമേറ്റതായി പരാതിയും നൽകി. തുടർന്ന് സംഭവത്തിൽ അന്വേഷണം ആരംഭിച്ചതോടെ ഇരുവരെയും സ്ഥലംമാറ്റുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിപ്പിച്ച സംഭവത്തിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറി. യുവാവിന് മർദ്ദനമേറ്റെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡി.വൈ.എസ്.പി. പറഞ്ഞു