കട്ടപ്പന നഗരസഭയിലെ കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്ന് ഭരണ-പ്രതിപക്ഷ കൗൺസിലർമാരുടെ പരാതി

കട്ടപ്പന നഗരസഭയിലെ കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്ന് ഭരണ-പ്രതിപക്ഷ കൗൺസിലർമാരുടെ പരാതി.ഇന്ന് നടന്ന കൗൺസിൽ യോഗത്തിലാണ് ഭരണപക്ഷ കൗൺസിലർമാരടക്കം ആക്ഷേപം ഉന്നയിച്ചത്.വേനൽ കടുത്ത മാർച്ച് അവസാനത്തോട് കൂടി തന്നെ എല്ലാ വാർഡുകളിലും കട്ടപ്പന നഗരസഭ കുടിവെള്ള വിതരണം ആരംഭിച്ചിരുന്നു.ഒരു കുടുംബത്തിന് 200 ലിറ്റർ വെള്ളം ആഴ്ചയിൽ രണ്ട് ദിവസം വീതമാണ് നൽകുന്നത്.അഞ്ച് ടാങ്കറുകളിലായി ഒരു ലക്ഷം ലിറ്ററോളം വെള്ളമാണ് ദിവസേന നൽകുന്നത്.എന്നാൽ പലയിടങ്ങളിലും കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്നാണ് കൗൺസിലർമാരുടെ പരാതി.ഇന്ന് നടന്ന കൗൺസിൽ യോഗത്തിൽ കുടിവെള്ള വിതരണം ചെയ്യുവാൻ ടെണ്ടർ നൽകുന്നത് സംബന്ധിച്ച നടന്ന ചർച്ചയിലാണ് ഭരണപക്ഷ കൗൺസിലർമാർ അടക്കം ആക്ഷേപം ഉന്നയിച്ചത്.
വെള്ളമെത്തിക്കുന്നവരുടെ താല്പര്യമനുസരിച്ചാണ് വിതരണം നടക്കുന്നത് എന്നും,കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ വെള്ളം കൃത്യമായി എത്തിക്കുന്നില്ല എന്നുമാണ് കൗൺസിലർമാരുടെ പരാതി.കട്ടപ്പന നഗരസഭയുടെ പൊതുടാപ്പുകൾ വഴി വാട്ടർ അതോരിറ്റി നൽകുന്ന വെള്ളത്തിന്റെ ബില്ലിൽ കുടിശിക വരുത്തിയത് നഗരസഭയുടെ അനാസ്ഥയാണെന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി.
വർഷങ്ങളായുള്ള കുടിശികയെക്കുറിച്ച് അറിവില്ലാത്തതിനാൽ പഠിച്ച ശേഷം അടുത്ത കൗൺസിലിൽ കത്തിന്റെ കാര്യം ചർച്ച ചെയ്യുമെന്നാണ് ഭരണസമിതിയുടെ വിശദീകരണം.കുടിവെള്ള വിതരണം വീഴ്ചയില്ലാതെ തുടരുമെന്നും എല്ലാ വാർഡുകളിലും വെള്ളമെത്തിക്കുന്നുണ്ട് എന്നും ചെയർപേഴ്സൺ ബീന ടോമി വ്യക്തമാക്കി.
ലിറ്ററിന് അറുപത് പൈസ നിരക്കിൽ ടെണ്ടർ നൽകിയ ആൾക്ക് ഇനിയുള്ള കുടിവെള്ള വിതരണത്തിന് കരാർ നൽകുവാനാണ് തീരുമാനം.ഫ്ലാറ്റുകളിലും,വാടക കെട്ടിടങ്ങളിലും താമസിക്കുന്നവർക്ക് വെള്ളം നൽകുന്നത് ഒഴിവാക്കിയാൽ നഗരസഭയിലെ അതിരൂക്ഷ ജലക്ഷാമം നേരിടുന്ന സ്ഥലങ്ങളിലെ പ്രതിസന്ധി ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്നും കൗൺസിലിൽ അഭിപ്രായമുയർന്നു.