വാട്ടർ അതോറിറ്റിയുടെ അനാസ്ഥ, വണ്ടിപ്പെരിയാറിൽ ദേശീയപാതയോരത്ത് കുടിവെള്ളം പാഴാകുന്നു

വേനൽ രൂക്ഷമായതോടെ ഒരിറ്റ് കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴാണ് വാട്ടർ അതോറിറ്റിയുടെ അനാസ്ഥയിൽ വണ്ടിപ്പെരിയാറിൽ ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകുന്നത്. ദേശീയപാതയോരത്ത് വണ്ടിപ്പെരിയാർ എസ് ബി ഐ ജംഗ്ഷനിലാണ് കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്തത് മൂലം ലിറ്റർ കണക്കിന് കുടിവെള്ളം ദിനംപ്രതി പാഴാകുന്നത്. ഇതുമൂലം ഗുണഭോക്താക്കൾക്ക് ആവശ്യമായ കുടിവെള്ളം ലഭിക്കുന്നില്ല എന്നും പരാതി ഉയരുന്നു.
വണ്ടിപ്പെരിയാറിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് മിക്ക പ്രദേശങ്ങളിലും കുടിവെള്ളം എത്തിച്ചു നൽകുന്ന സാഹചര്യം നിലനിൽക്കെ ഇത്തരത്തിൽ കുടിവെള്ളം പാഴാകുന്നത് തീർത്തും അനാസ്ഥയാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു .
വെള്ളം പാഴാകുന്നത് നിരവധിതവണ വാട്ടർ അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വാട്ടർ അതോറിറ്റി അധികൃതരുടെ വേണ്ട നടപടി ഉണ്ടാവുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. വണ്ടിപ്പെരിയാർ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ കുടിവെള്ളം പൊതുനിരത്തിൽ പാഴാകുന്ന ഈ അവസ്ഥയ്ക്ക് പരിഹാരം കാണണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.