നേര്യമംഗലത്തും തൊടുപുഴയിലും ഡീൻ

ഇടുക്കി : കോതമംഗലം മണ്ഡലത്തിലെ നേര്യമംഗലത്തും തൊടുപുഴയിലും ആയിരുന്നു ഇന്നലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പ്രചരണം നടത്തിയത്.രാവിലെ നേര്യമംഗലത്തെ ജില്ല കൃഷി തോട്ടത്തിൽ വോട്ട് തേടിയാണ് ഡീൻ കുര്യാക്കോസ് എത്തിയത്. ഇവിടെ തൊഴിലാളികൾ യുഡിഎഫ് സ്ഥാനാർത്ഥിയെ സ്വീകരിച്ചു.മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ഓർമ്മിപ്പിച്ചാണ് യുഡിഎഫ് സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചത്.
നേര്യമംഗലത്ത് നിർമ്മാണം പുരോഗമിക്കുന്ന പുതിയ പാലവും കൊച്ചി - മൂന്നാർ ദേശിയ പാത നിർമ്മാണവും വർഷങ്ങളായി മുടങ്ങി കിടന്ന കോതമംഗലം ബൈപാസ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ജീവൻ വെച്ചതും തങ്ങളുടെ വികസന നേട്ടമായി യുഡിഎഫ് കോതമംഗലം മണ്ഡലത്തിൽ അവതരിപ്പിക്കുന്നു.
പെരുമ്പാവൂർ ഒക്കലിൽ വാഹനാപകടത്തിൽ മരണപ്പെട്ട കോതമംഗലം കറുകടം കുന്നശേരിവീട്ടിൽ കെ.എ എൽദോയുടെയും മകൾ ബ്ലെസിയുടെയും കോതമംഗലം കറുകടത്തെ വീട്ടിൽ എത്തി ചടങ്ങുകളിൽ പങ്കെടുത്തു.ഉച്ചക്ക് ശേഷം തൊടുപുഴയിൽ സൗഹൃദ സന്ദേശങ്ങൾ നടത്തി. വ്യക്തികളെ ഫോണിൽ വിളിച്ചു പിന്തുണ തേടി.
വൈകിട്ട് നടന്ന യുഡിഎഫ് കൺവെൻഷനിലും റോഡ് ഷോയിലും യുഡിഎഫ് സ്ഥാനാർത്ഥി പങ്കെടുത്തു.ഇന്ന് രാവിലെ മുതൽ ഡീൻ കുര്യാക്കോസിന്റെ പൊതു പര്യടനം ആരംഭിക്കും. മാങ്കുളം, പള്ളിവാസൽ, ബൈസൻവാലി പഞ്ചായത്തുകളിലാണ് ഇന്നത്തെ സ്ഥാനാർത്ഥി പര്യടനം.
രാവിലെ 7 മണിക്ക് കുറുത്തികുടിയിൽ യുഡിഎഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി പര്യടനം ഉദ്ഘാടനം ചെയ്യും.വിവിധ പോയിന്റുകളിൽ സ്വീകരണം ഏറ്റുവാങ്ങി പര്യടനം വൈകിട്ട് 6.30 ന് ആനച്ചാലിൽ സമാപിക്കും. കോൺഗ്രസ് വക്താവ് രാജു പി നായർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.