രാജാക്കാട്ടിൽ ഓടി കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് വൻ മരം കടപുഴകി വീണു

രാജാക്കാട്ടിൽ ഓടി കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് വൻ മരം കടപുഴകി വീണു. വൈകിട്ട് നാലരയോടെയാണ് സംഭവം.ഡ്രൈവറും സമീപത്തെ വീടിനു മുൻപിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികളും അത്ഭുതകരമായാണ് രക്ഷപെട്ടത്.
രാജാക്കാട് സാൻജോ കോളേജിന് സമീപത്ത് റോഡരുകിൽ ഉണങ്ങി നിന്ന ഇലവ് മരമാണ് ഓടി കൊണ്ടിരുന്ന ടിപ്പറിന് മുകളിലേക്ക് പതിച്ചത്. വാഹനത്തിൽ ലോഡ് കയറ്റുന്ന ഭാഗത്തേയ്ക്കാണ് മരം വീണത്. മര കഷണം വീണ ആഘാതത്തിൽ വാഹനം ഉലഞ്ഞെങ്കിലും വാഹനം മറിയാതെ ഇരുന്നതും അപകടം ഒഴിവാക്കി.
മരത്തിന്റെ ഒരു ഭാഗം സമീപത്തെ വീടിന് മുൻപിലേയ്ക്കാണ് പതിച്ചത്. മുറ്റത്ത് കളിച്ചു കൊണ്ടു നിൽക്കുകയായിരുന്ന കുട്ടികൾ മരം വീഴുന്നത് കണ്ട് ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി . നിരവധി തവണ നാട്ടുകാർ മുറിച്ചു മാറ്റണമെന്ന് ആവശ്യപെട്ടിട്ടുള്ള ഉണക്ക മരമാണ് നിലം പൊത്തിയത് വാഹനത്തിനും വീടിനും വൈദ്യുതി പോസ്റ്റുകൾക്കും കേടുപാടുകൾ സംഭവിച്ചു.