പോളിങ് ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ആധുനിക സൗജന്യ ചികിത്സ ഉറപ്പാക്കും : ജില്ലാ കളക്ടര്‍
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലിരിക്കെ ഏതെങ്കിലും തരത്തിലുള്ള വൈദ്യസഹായം പോളിങ് ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായി വന്നാല്‍ ആധുനികരീതിയിലുള്ള സൗജന്യചികിത്സ ഉറപ്പാക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ഷീബ ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ മനോജിനെ തിരഞ്ഞെടുപ്പ് ജീവനക്കാരുടെ ചികിത്സ സംബന്ധിച്ച ജില്ലാ നോഡല്‍ ഓഫീസറായി നിയമിച്ചു.
ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ആശുപത്രികളില്‍ പോളിങ് ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമുള്ള സൗജന്യ ചികിത്സാ ക്രമീകരണങ്ങള്‍ നോഡല്‍ ഓഫീസര്‍ ഉറപ്പാക്കണം. ചികിത്സയുടെ മേല്‍നോട്ടം നോഡല്‍ ഓഫീസര്‍ നേരിട്ട് നിരീക്ഷിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിശീലനം, അയക്കല്‍, സ്വീകരിക്കല്‍ കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യപരിരക്ഷക്കും പ്രഥമചികിത്സക്കുമുള്ള സഹായങ്ങള്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഇവിടങ്ങളില്‍ മെഡിക്കല്‍, പാരാ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കൊപ്പം ആംബുലന്‍സും വിന്യസിച്ചു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം ചേര്‍ന്ന് അടിയന്തര സാഹചര്യങ്ങളില്‍ ഡ്യൂട്ടി സമയത്ത് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.