കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ കാരുണ്യം കുടുംബ സുരക്ഷാ നിധി വിതരണോൽഘാടനം ചെറുതോണിയിൽ നടന്നു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ അംഗമായിരിക്കുകയും സംഘടനയിൽ സജീവമായി പ്രവർത്തിച്ചു വരികയും ചെയ്യുന്നതിനിടയിൽ രോഗം മൂലമോ മറ്റു കാരണങ്ങളാലോ ആകസ്മികമായി മരണമടയുന്ന അംഗങ്ങളുടെ കുടുംബങ്ങൾക്ക് ഇടുക്കി ജില്ലാ കമ്മിറ്റി 5 ലക്ഷം രൂപ നൽകിക്കൊണ്ട് അവരുടെ ആശ്രിതർക്ക് കൈത്താങ്ങാവുന്ന പദ്ധതിയാണ് കാരുണ്യം കുടുംബ സുരക്ഷാ പദ്ധതി.
പദ്ധതി രൂപീകരിച്ച ശേഷം മരണമടഞ്ഞ മൂന്ന് അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണം ആണ് ജില്ലാ വ്യാപാര ഭവനിൽ നടന്നത്. കെ വി വി.എസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് സണ്ണി പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യാ മേച്ചേരിൽ കാരുണ്യ കുടുംബ സുരക്ഷാ നിധി വിതരണോൽഘാടനം നിർവഹിച്ചു.
ചെയർമാൻ സിബി കൊല്ലംകുടി ആമുഖപ്രഭാഷണം നടത്തി. കാരുണ്യം മൊബൈൽ ആപ്പ് ലോഞ്ചിംഗ് സെക്രട്ടറി ആർ രമേശനും, അംഗങ്ങളുടെ ഐഡി കാർഡ് വിതരണം ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിലും നിർവഹിച്ചു. കെ.വി. വി എസിൻ്റെ മറ്റ് ഭാരവാഹികളായ പിസി ജേക്കബ്, കെ ആർ വിനോദ്, പി എം ബേബി ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തുസംസാരിച്ചു. സജീവ പ്രവർത്തകരായിരിക്കെ അകാലത്തിൽ മരണമടഞ്ഞ കല്ലാർകുട്ടി യൂണിറ്റിലെ സാബു മത്തായി, വട്ടവടയിലെ മുരുകൻ, വെസ്റ്റ് പൂപ്പാറ യൂണിറ്റ് അംഗമായിരുന്ന ആർ. സോളമൻ എന്നിവരുടെ കുടുംബാംഗങ്ങളും യൂണിറ്റ് ഭാരവാഹികളും ചേർന്ന് കാരുണ്യം കുടുംബ സുരക്ഷാ നിധി ഏറ്റുവാങ്ങി.