അടിമാലിയില്‍ ആവേശമായി ജോയ്സ് ജോര്‍ജ്ജിന്‍റെ പര്യടനം
അടിമാലി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് വ്യാഴാഴ്ച ബൈസണ്‍വാലി, അടിമാലി പഞ്ചായത്തുകളില്‍ പര്യടനം നടത്തി. ഗോത്ര വര്‍ഗ്ഗ ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഊരുകള്‍ കേന്ദ്രീകരിച്ചായിരുന്നു പര്യടനം. ബൈസണ്‍വാലിയിലെ ചൊക്രമുടി, കോമാളിക്കുടി എന്നിവിടങ്ങളില്‍ നിന്നായിരുന്നു തുടക്കം. തുടര്‍ന്ന് അടിമാലി ഗ്രാമപഞ്ചായത്തിലെ കൊരങ്ങാട്ടിക്കുടി, പ്ലാമല, കടകല്ല്കുടി എന്നിവിടങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറുകണക്കിന് പേരാണ് സ്ഥാനാര്‍ത്ഥിയെ കാത്തുനിന്നത്.
എംപിയായിരുന്ന ഘട്ടത്തില്‍ പി.എം.ജി.എസ്.വൈ യില്‍ ഉള്‍പ്പെടുത്തി കൊരങ്ങാട്ടിക്കുടിയിലേക്കുള്ള റോഡ് പൂര്‍ത്തീകരിച്ച് നല്‍കിയതിന് മൂപ്പന്‍ രാമസ്വാമി ജോയ്സ് ജോര്‍ജ്ജിനോട് നന്ദി പറഞ്ഞു. വനം വകുപ്പിന്‍റെ എതിര്‍പ്പുകളെ നീക്കി വനത്തിനുള്ളിലൂടെ തന്നെ റോഡ് നിര്‍മ്മിക്കാനായത് ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണെന്ന് സ്ഥാനാര്‍ത്ഥി ഊരിലെ അംഗങ്ങളോട് പറഞ്ഞു. കുടികളിലെ വന്യമൃഗശല്യം, കുടിവെള്ള പ്രശ്നം, റോഡ് വികനസം തുടങ്ങിയ കാര്യങ്ങളില്‍ ഇടപെടണമെന്ന് ഊരുമൂപ്പന്‍മാര്‍ സ്ഥാനാര്‍ത്ഥിയോട് ആവശ്യപ്പെട്ടു.
മുമ്പത്തെപ്പോലെ തന്നെ റോഡ് നിര്‍മ്മാണത്തിന് പ്രത്യേക പരിഗണന നല്‍കുമെന്നും വന്യജീവി ആക്രമണം തടയാന്‍ പ്രത്യേക കര്‍മ്മപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും ജനങ്ങളൊപ്പമുണ്ടായാല്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു. കുടികളിലെ സന്ദര്‍ശനത്തിന് ശേഷം അടിമാലിയില്‍ പ്രൗഢഗംഭീരമായ റോഡ് ഷോയിലും ജോയ്സ് ജോര്‍ജ്ജ് പങ്കെടുത്തു.