സമയബന്ധിതമായി പദ്ധതി സമർപ്പിക്കാൻ വൈകിയതിനാൽ സ്പോർട്സ് കൗൺസിലിൻ്റെ 4.5 കോടി രൂപ ഉപ്പുതറ ഗ്രാമ പഞ്ചായത്തിന് നഷ്ടമായി.
സമയബന്ധിതമായി പദ്ധതി സമർപ്പിക്കാൻ വൈകിയതിനാൽ സ്പോർട്സ് കൗൺസിലിൻ്റെ 4.5 കോടി രൂപ ഉപ്പുതറ ഗ്രാമ പഞ്ചായത്തിന് നഷ്ടമായി. ഉപ്പുതറയിലെ കായിക സ്വപ്നത്തിനാണ് ടെക്നിക്കൽ അസിസ്റ്റൻഡിൻ്റെ വീഴ്ച മൂലം മങ്ങലേറ്റത്. ജനുവരി 16 നായിരുന്നു ഇന്റർ നാഷണൽ സ്പോർട്‌സ് സമ്മിറ്റ് കേരള (ഐ എസ് എസ് കെ ) മുമ്പാകെ പദ്ധതി സമർപ്പിക്കേണ്ടിയിരുന്നത്. ഇതിന് ആവശ്യമായ നിർദ്ദേശം സ്പോർട്സ് കൗൺസിൽ നൽകുകയും ചെയ്തിരുന്നു. എന്നാൽ പഞ്ചായത്ത് ഭരണസമിതി ഇതിനു നിയോഗിച്ച ഉദ്യോഗസ്ഥൻ (ടെക്നിക്കൻ അസിസ്റ്റൻഡ്) സമയ പരിധിക്കുള്ളിൽ പദ്ധതി സമർപ്പിച്ചില്ല. ജനുവരി 10 ന് പഞ്ചായത്ത് പ്രസിഡൻ്റ് ഓർമ്മിപ്പിക്കുകയും ചെയ്തു. എന്നാൽ 17 നാണ് പദ്ധതി സമർപ്പിച്ചത്. അപ്പോഴേക്കും പദ്ധതി നിരസിച്ചു കൊണ്ടുള്ള അറിയിപ്പ് കിട്ടി. അപ്പോഴാണ് ഉദ്യോഗസ്ഥൻ്റെ വിഴ്ച ഭരണസമിതി അറിയുന്നത്. ഗാലറിയോടെ ഫുട് ബോൾ ഗ്രൗണ്ട് (രണ്ട് കോടി). കായികാധ്യാപക ട്രെയിനിങ് സെൻ്റർ, മൾട്ടി ജിംനേഷ്യം (1.5കോടി), ടൗണിനു സമീപം പവലിയൻ ഉൾപ്പെടെ വോളിബോൾ ഗ്രൗണ്ട് (50 ലക്ഷം) ഷട്ടിൽ ബാറ്റ് മിൻ്റൻ കോർട്ട് , വടംവലി പിറ്റ് (50 ലക്ഷം) ഇങ്ങനെ അത്യാധുനീക സൗകര്യത്തോടെയുള്ള കായിക പദ്ധതിയാണ് ഭരണസമിതി ആവിഷ്ക്കരിച്ചത്. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ആവശ്യത്തിൽ കൂടുതൽ സ്ഥലവും പഞ്ചായത്തിലുണ്ട്. എന്നാൽ ഉദ്യോഗസ്ഥൻ്റെ വീഴ്ച മൂലം സ്പോർട്സ് ഫണ്ടു നഷ്ടമായതോടെ ഉപ്പുതറയുടെ കായിക സ്വപ്നങ്ങൾ ഇല്ലാതാതായി. .വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഇയാൾക്കതിരെ വിവിധ ആരോപണങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇയാൾക്കെതിരെയുള്ള നടപടി അവസാനിപ്പിക്കാനുള്ള നീക്കത്തിൽ ഭരണസമിതിക്കുള്ളിലും ശക്തമായ എതിർപ്പുണ്ട്.