വന്യമൃഗ ശല്യം രൂക്ഷമായി തുടരുമ്പോൾ താല്‍ക്കാലിക വനം വകുപ്പ് വാച്ചര്‍മാരെ പിരിച്ച് വിട്ട് ഡിഎഫ്ഓയുടെ ഉത്തരവ്

വന്യമൃഗ ശല്യം രൂക്ഷമായി തുടരുമ്പോൾ താല്‍ക്കാലിക വനം വകുപ്പ് വാച്ചര്‍മാരെ പിരിച്ച് വിട്ട് ഡിഎഫ്ഓയുടെ ഉത്തരവ്.മൂന്നാര്‍ ഡിവിഷന് കീഴിലുള്ള താൽക്കാലിക വാച്ചര്‍മാരെയാണ് പിരിച്ചുവിടുന്നത്. കഴിഞ്ഞ ദിവസമാണ് മൂന്നാര്‍ ഡിവിഷന് കീഴിലുള്ള അടിമാലി, ദേവികുളം, നേര്യമംഗലം, മൂന്നാര്‍ ഫോറസ്റ്റ് റേഞ്ചുകളിലെ താത്കാലിക വാച്ചര്‍മാരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. മാര്‍ച്ച് 31ന് ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നാണ് ഉത്തരവ്. വനവികസനം തുടങ്ങിയ ബഡ്ജറ്റ് ഹെഡുകള്‍ക്ക് കീഴില്‍ ജോലി നോക്കുന്ന താല്‍ക്കാലിക വാച്ച്മാരുടെ ജോലിയാണ് നഷ്ടമാവുക. 925 രൂപ ദിവസവേതനം പറയുന്നുണ്ടെങ്കിലും പ്രതിമാസം ഇവര്‍ക്ക് ലഭിക്കുന്നത് പരമാവധി 15000 രൂപ വരെ മാത്രമാണ്.ഇതും മാസങ്ങളായി കുടിശികയാണ്. ഇതിനിടെയാണ് താല്‍ക്കാലിക വാച്ചര്‍ മാരെ പിരിച്ചുവിടാൻ ഉത്തരവായിരിക്കുന്നത്. മനുഷ്യ-വന്യജീവി സംഘര്‍ഷം ഏറ്റവും രൂക്ഷമായി തുടരുന്ന ചിന്നക്കനാല്‍, ശാന്തന്‍പാറ,ദേവികുളം അടക്കമുള്ള പ്രദേശങ്ങളില്‍ വാച്ചര്‍മാര്‍ ഇല്ലാതാകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് LDF ഇടുക്കിജില്ലാ കൺവീനർ കെ കെ ശിവരാമൻ പറഞ്ഞു.